സുഹൃത്ത്‌ , സൈദ്ധാന്തികൻ , ലോകവീക്ഷണങ്ങളിലെ അഗാധപാണ്ഡിത്യം പകർന്നുതന്ന മനുഷ്യസ്‌നേഹി :വേണു രാജാമണി

യെച്ചൂരിയും വേണു രാജാമണിയും


  ജെഎൻയുവിൽ സീതാറാം യെച്ചൂരിയുമായി തളിരിട്ട സൗഹൃദത്തിന്‌ 43 വർഷത്തെ പഴക്കമുണ്ട്‌. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്‌ടമാകുന്നത്‌ സുഹൃത്തിനെയും തത്വജ്ഞാനിയെയും ലോകവീക്ഷണങ്ങളിലെ അഗാധപാണ്ഡിത്യം പകർന്നുതന്ന മനുഷ്യസ്‌നേഹിയെയുമാണ്‌. വിദേശത്തായതിനാൽ, അദ്ദേഹത്തെ അവസാനമായി ഒരുനോക്ക്‌ കാണാനാകില്ലെന്നത്‌ ദുഃഖം ഇരട്ടിയാക്കുന്നു. ജെഎൻയുവിലെ സമരഭരിതമായ യൗവനത്തിന്റെ പേരുകൂടിയായിരുന്നു യെച്ചൂരി. അന്ത്യയാത്രയിലും ജെഎൻയു അദ്ദേഹത്തെ സ്‌നേഹം കൊണ്ടുമൂടി. ഇന്നേവരെ ആർക്കും ലഭിക്കാത്ത വൈകാരിക യാത്രാമൊഴി. 1981ലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ്‌ യെച്ചൂരിയെ ആദ്യം കാണുന്നത്‌. കോഴ്‌സ്‌ പൂർത്തിയാക്കി സർവകാലാശാല വിട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പുകൾക്കും സമരങ്ങൾക്കും യെച്ചൂരി ക്യാമ്പസിലെത്തും.  എസ്‌എഫ്‌ഐ വിരുദ്ധപക്ഷത്തുനിന്നാണ്‌ ഈ ലേഖകൻ മത്സരിച്ച്‌ വൈസ്‌ പ്രഡിഡന്റായത്‌. എന്നാൽ, പ്രചാരണസമയത്ത്‌ അദ്ദേഹം കൂട്ടുകാരനെപ്പൊലെ അടുത്തുവന്നു സംസാരിച്ചു. 1983ൽ ജെഎൻയുവിൽ പൊട്ടിപ്പുറപ്പെട്ട വൻ വിദ്യാർഥിപ്രക്ഷോഭത്തിൽ ഞങ്ങൾ അറുന്നൂറോളം പേർ തിഹാർ ജയിലിലടയ്ക്കപ്പെട്ടു. ജയിലിൽ വന്ന്‌ കണ്ടതും ജാമ്യനടപടികൾക്ക്‌ മുൻകൈയെടുത്തതും യെച്ചൂരിയാണ്‌. വിദേശസർവീസിൽ പ്രവേശിച്ച്‌, 1990–-93ൽ ബീജിങ്ങിൽ നിയമിതനായ സമയത്ത്‌ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു നയിച്ച പാർടി പ്രതിനിധി സംഘത്തിനൊപ്പം എത്തിയ യെച്ചൂരിയെ കണ്ടു. ഉത്തര കൊറിയൻ യാത്രകൾക്കായി ബീജിങ്ങിലെത്തിയപ്പോഴെല്ലാം ഒപ്പം സമയം ചെലവിടാനായി. ഒരു നർമാനുഭവം  യെച്ചൂരി പറഞ്ഞതോർക്കുന്നു. ഉത്തര കൊറിയൻ ഭരണാധികാരിയെ സന്ദർശിച്ചതിനുശേഷം അവിടുത്തെ ഇന്ത്യൻ സ്ഥാനപതി യെച്ചൂരിയെ ചെന്നുകണ്ടു. യെച്ചൂരി തന്റെ വീട്ടിൽ വന്ന്‌ ചായ കുടിക്കണമെന്നും അങ്ങനെയെങ്കിൽ കൂടെയുള്ള ഉത്തര കൊറിയക്കാർ തന്നോട്‌ കൂടുതൽ സഹകരിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്‌. പിന്നീട്‌ ഡൽഹിയിൽ രാഷ്‌ട്രപതിയുടെ പ്രസ്‌ സെക്രട്ടറിയായി പ്രവർത്തിച്ചപ്പോഴും സൗഹൃദത്തിന്‌ കുറവുണ്ടായില്ല. രാഷ്‌ട്രപതി പ്രണബ്‌ മുഖർജിക്ക്‌ യെച്ചൂരിയോട്‌ ഏറെ വാത്സല്യമായിരുന്നു. ആദ്യ ബംഗ്ലാദേശ്‌ പര്യടനത്തിന്‌ യെച്ചൂരിയെയും അദ്ദേഹം ഒപ്പം കൂട്ടി. നെൽസൺ മണ്ടേലയുടെ സംസ്‌കാരത്തിന്‌ പോയ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. അന്ന്‌ പാർടി ആസ്ഥാനമായ എകെജി ഭവന്‌ സമീപം ഞാൻ താമസിച്ചിരുന്ന വീട്ടിൽ യെച്ചൂരി നിത്യസന്ദർശകനായി. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലായ്‌പ്പോഴും ഊന്നിപ്പറഞ്ഞു. കേരളത്തിൽ വരുമ്പോൾ കൊച്ചിയിലെ കായലോരത്തുള്ള എന്റെ വീട്‌ യെച്ചൂരിക്ക്‌ രണ്ടാംവീടായി. രാജ്യത്തിന്റെ സ്വത്താണെന്നും ആരോഗ്യം സംരക്ഷിക്കണമെന്നും അദ്ദേഹത്തോട്‌ പറയുമായിരുന്നു. പാവപ്പെട്ട മനുഷ്യർക്കും തൊഴിലാളികൾക്കുംവേണ്ടി അവസാനംവരെയും പ്രവർത്തിച്ച മനുഷ്യസ്‌നേഹിയെയാണ്‌ നമുക്ക്‌ നഷ്‌ടപ്പെട്ടത്‌. ആ വലിയ മനുഷ്യന്‌ ഓർമപ്പൂക്കൾ. വേണു രാജാമണി (നെതർലൻഡ്‌സ്‌ മുൻ സ്ഥാനപതി) Read on deshabhimani.com

Related News