വിഎച്ച്പി നേതാവിന് വധഭീഷണിക്കത്ത്: നല്‍കിയത് ഹിന്ദു സുഹൃത്തുക്കളെന്ന് പൊലീസ്



ഭോപ്പാല്‍> മധ്യപ്രദേശില്‍ വിഎച്ച്പി നേതാവിന് വധഭീഷണിക്കത്ത് നല്‍കിയത് മുസ്ലിം യുവതിയല്ലെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ ഹിന്ദു വിഭാഗക്കാരാണെന്നും റിപ്പോര്‍ട്ട്. വിശ്വ ഹിന്ദു പരിഷത് നേതാവ് സന്തോഷ് ശര്‍മയ്ക്ക് ജൂലൈ 12നാണ് വധഭീഷണിക്കത്ത് ലഭിക്കുന്നത്. സംഭവത്തിന് പിന്നില്‍ ബുര്‍ഗ ധരിച്ച യുവതിയാണെന്നായിരുന്നു ആരോപണം.  പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഹിന്ദുവിഭാഗക്കാരാണെന്നും പരാതിക്കാരന്റെ അടുത്ത സുഹൃത്തുക്കളാണെന്നും പൊലീസ് കണ്ടെത്തിയത്. ഉര്‍ദുവിലെഴുതിയ കത്തില്‍ വരികള്‍ സൂക്ഷിച്ച് വായിക്കണമെന്നും നിങ്ങള്‍ രക്ഷപ്പെടില്ലെന്നുമായിരുന്നു എഴുതിയത്. അല്ലാഹു അക്ബര്‍ എന്നും കുറിപ്പില്‍ എഴുതിച്ചേര്‍ത്തിരുന്നു. തനിക്ക് മുമ്പും ഇത്തരത്തില്‍ വധഭീഷണികള്‍ ലഭിച്ചിട്ടുണ്ടെന്നും ഭയമില്ലാതെ ഹിന്ദുത്വത്തിന് വേണ്ടി പോരാടുമെന്നുമായിരുന്നു പരാതി നല്‍കിയതിന് പിന്നാലെ ശര്‍മയുടെ പരാമര്‍ശം. മേഖലയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച് കാര്യമായ ആശങ്കകള്‍ ഉയര്‍ത്തിയ വധഭീഷണി കത്ത് ബുര്‍ഗ ധരിച്ച സ്ത്രീ ശര്‍മയുടെ കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ശര്‍മയുടെ സുഹൃത്തുക്കളാണ് പിന്നിലെന്ന് കണ്ടെത്തിയത്. ഇവര്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.   Read on deshabhimani.com

Related News