‘നിങ്ങളുടെ മകൾ നിങ്ങൾക്കൊപ്പം’

ശംഭു അതിർത്തിയിലെ കർഷക സമരപ്പന്തലിലെത്തിയ വിനേഷ് ഫോഗട്ട്‌


ന്യൂഡൽഹി കർഷക സമരത്തിന്‌ ഐക്യദാർഢ്യവുമായി ഹരിയാന ശംഭു അതിർത്തിയിലെ പ്രക്ഷോഭ വേദിയിൽ എത്തി ഒളിംപ്യൻ താരം വിനേഷ്‌ ഫോഗട്ട്‌. ‘നിങ്ങളുടെ മകൾ നിങ്ങൾക്കൊപ്പം’ എന്ന്‌ സമരവേദിയിൽ വിനേഷ്‌ ഫോഗട്ട്‌  പ്രഖ്യാപിച്ചു. 200 ദിവസമായി കർഷകർ ശംഭു അതിർത്തിയിൽ സമരം ചെയ്യുന്നത്‌ രാജ്യം കാണുന്നുണ്ട്‌. കർഷകരില്ലെങ്കിൽ രാജ്യമോ അത്‌ലീറ്റുകളോ ഇല്ല–-വിനേഷ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്‌ ഏതു സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നുവെന്നത്‌ തന്റെ വിഷയമല്ലെന്ന്‌ അവർ മറുപടി നൽകി. ബിജെപി എംപിയായിരുന്ന ബ്രിജ്‌ഭൂഷൺ സിങ്ങിന്റെ ലൈംഗിക അതിക്രമങ്ങൾക്ക്‌ എതിരായി വിനേഷ്‌ അടക്കമുള്ള വനിത ഗുസ്‌തി താരങ്ങൾ ഡൽഹിയിൽ ദീർഘസമരം നടത്തിയപ്പോൾ കർഷകർ പിന്തുണച്ചിരുന്നു. പാരിസ്‌ ഒളിംപിക്‌സിൽ സാങ്കേതികകാരണങ്ങളെ തുടർന്ന്‌ മെഡൽ നഷ്ടമായ കായികതാരത്തിന്‌ ഹരിയാനയിൽ ഉടനീളം കർഷകഗ്രാമങ്ങളിൽ ഉജ്വല സ്വീകരണം നൽകി. ഇതിനിടെയാണ്‌ ഹരിയാന–-പഞ്ചാബ്‌ അതിർത്തിയിലെ കർഷകസമര കേന്ദ്രത്തിൽ അവർ എത്തിയത്‌. ‘കർഷകരുടെ ശബ്ദം സർക്കാർ കേൾക്കണം. രാജ്യത്തെ തീറ്റിപ്പോറ്റുന്നത്‌ കർഷകരാണ്‌. ഞാൻ കർഷകകുടുംബാംഗമാണ്‌. കുടുംബം ദുഃഖിതരായി കഴിയുമ്പോൾ കായികതാരങ്ങൾ വിഷമിക്കും. കഴിഞ്ഞ സമരത്തെ തുടർന്ന്‌ സർക്കാർ അവരുടെ തെറ്റ്‌ സമ്മതിച്ചതാണ്‌. അന്ന്‌ നൽകിയ വാഗ്‌ദാനങ്ങൾ സർക്കാർ നടപ്പാക്കണം. കർഷകർ തെരുവിൽ കഴിയുമ്പോൾ രാജ്യത്തിന്‌ പുരോഗതി ഉണ്ടാകില്ല. ഇക്കാര്യത്തിൽ രാഷ്‌ട്രീയമില്ല’–-വിനേഷ്‌ തുടർന്നു. ഐതിഹാസിക കർഷകപ്രക്ഷോഭത്തെതുടർന്ന്‌ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചാബിൽനിന്ന്‌ മാർച്ച്‌ ചെയ്‌ത കർഷകരെ ശംഭു അതിർത്തിയിൽ ഹരിയാന പൊലീസ്‌ തടഞ്ഞുനിർത്തിയിരിക്കയാണ്‌. ഫെബ്രുവരിയിൽ പൊലീസ്‌ വെടിവയ്‌പിൽ ഒരു കർഷകന്‍ കൊല്ലപ്പെട്ടു. Read on deshabhimani.com

Related News