ട്രയൽ ഘട്ടം കഴിഞ്ഞു; വിഴിഞ്ഞം തുറമുഖം ഇനി ലോക സമുദ്രവ്യാപാര ഭൂപടത്തിൽ
തിരുവനന്തപുരം> വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ജൂലൈയിൽ ആരംഭിച്ച ട്രയൽ റൺ പൂർത്തിയായി. ഇന്നു മുതൽ ഔദ്യോഗികമായി ഓപ്പറേഷണൽ തുറമുഖമായി. എഴുപതിലധികം കപ്പലുകൾ ഇതിനകം ചരക്കുമായി തുറമുഖത്തെത്തി. 1.5 ലക്ഷത്തോളം കണ്ടെയ്നറുകളിലായി എത്തിയ ചരക്ക് കൈകാര്യം ചെയ്തു. വർഷം 10 ലക്ഷം കണ്ടെയ്നറുകൾ ഈ തുറമുഖം വഴി കൈകാര്യം ചെയ്യാനാവും. 2028ൽ അടുത്ത ഘട്ടം പൂർത്തീകരിക്കുന്നതോടെ കണ്ടെയ്നർ കൈകാര്യ ശേഷി വർഷം 30 ലക്ഷമാവും. 2034 വരെ ജിഎസ്ടി മാത്രമാകും സംസ്ഥാനത്തിനു ലഭിക്കുക. ജിഎസ്‌ടിയായി ഇതുവരെ 16.5 കോടി ലഭിച്ചു. ഇതിൽ പകുതി കേരളത്തിന് കിട്ടും. ജനുവരി ആദ്യവാരമായിരിക്കും തുറമുഖത്തിന്റെ കമീഷനിങ്. 2034 മുതൽ വരുമാന വിഹിതം കൂടി ലഭിച്ചുതുടങ്ങും. തുറമുഖനിർമാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ 1600 കോടി രൂപയാണ് നൽകുന്നത്. വിസിലും(വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്) അദാനി ഗ്രൂപ്പും തമ്മിലുള്ള തുറമുഖ നിർമാണക്കരാർ പ്രകാരം 2024 ഡിസംബർ മൂന്നു മുതലാണ് തുറമുഖം ഓപ്പറേഷണൽ ആവുന്നത്. ബുധനാഴ്ച കമ്മിഷനിങ്ങിനു മുൻപ്, തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ചെന്നൈ ഐ.ഐ.ടി.യുടെ ഇൻഡിപെൻഡന്റ് എൻജിനീയർമാരുടെ സംഘം നിർമാണം പൂർത്തിയായെന്നുള്ള സർട്ടിഫിക്കറ്റ് നൽകും. പുറുത്തുള്ള നിർമാണപ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. ഇത് പ്രകാരം പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷൻ ആണ് ഇപ്പോൾ ലഭിക്കുക. പണികൾ തീർക്കാൻ മൂന്നു മാസംകൂടി സമയം അനുവദിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ കേരള തീരത്തേക്ക് വലിയ കപ്പലുകളിൽ ചരക്കെത്തിച്ച് ചെറിയ കപ്പലുകളിൽ മറ്റിടങ്ങളിൽ എത്തിക്കുന്ന ട്രാൻസ്‌ഷിപ്‌മെന്റ് ഇന്ന് ഔദ്യോഗികമായിത്തീരുകയാണ്.ജേഡ് സർവീസ് വിഭാഗത്തിൽ അംഗത്വം ലഭിക്കുന്ന രാജ്യത്തെ ഏക തുറമുഖമാണ് വിഴിഞ്ഞം. ലോകത്തെ മുൻനിര കപ്പൽ കമ്പനിയായ എം എസ് സി തങ്ങളുടെ അടുത്ത വർഷത്തെ ഷെഡ്യൂളിൽ രണ്ട് പ്രധാന സർവീസുകളിലും വിഴിഞ്ഞത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എം എസ് സിയുടെ ഐറിനയും കേരളതീരത്തെത്തും. പദ്ധതിക്ക് ചെലവ് വരുന്ന 8867 കോടി രൂപയിൽ 5595 കോടിയാണ് സംസ്ഥാന സര്‍ക്കാര് മുടക്കേണ്ടത്. ഇതിൽ 2159 കോടി സംസ്ഥാനം ചെലവഴിച്ചു കഴിഞ്ഞു. ഒരു രൂപപോലും മുടക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. എല്ലാവർക്കും നൽകേണ്ട സഹായ ധനം കേരളത്തിനില്ല വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂവെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. വയബിലിറ്റി ഗ്യാപ് ഫണ്ട് ദീര്‍ഘകാല വായ്പയായി പരിഗണിക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചില്ല. വിജിഎഫ് തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നൽകുന്ന കേന്ദ്ര സഹായമാണ് വിജിഎഫ് അഥവ വയബിലിറ്റി ഗ്യാപ് ഫണ്ട്. ധനസഹായം എന്ന നിലയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്രം അനുവദിക്കേണ്ട വിജിഎഫ് 817.80 കോടി രൂപയാണ്. ഇത് അനുവദിക്കണമെങ്കിൽ ഭാവിയിൽ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കി തുക തിരിച്ചടക്കണമെന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നത്. തൂത്തുക്കുടി അടക്കം തുറമുഖങ്ങൾക്ക് ഈ ധനസഹായം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് മാത്രം വിവേചനം കാണക്കുന്ന സാഹചര്യമാണ്. 817 കോടി പലിശ സഹിതം തിരിച്ചടക്കുമ്പോൾ 12000 കോടിയോളം വരും. വര്‍ഷങ്ങൾക്ക് ശേഷം മാത്രം വരുമാനം കിട്ടിത്തുടങ്ങുന്ന പദ്ധതിക്ക് ഇത് വലിയ ബാധ്യതയാകും. ഭാവിയിൽ ജി എസ് ടക്ക് പുറമെ വിഴിഞ്ഞത്തു നിന്നും സംസ്ഥാനത്തിന് ലഭിക്കാവുന്ന ലാഭവും ഇതുവഴി സ്വന്തമാക്കുക എന്നതാണ് കേന്ദ്ര തന്ത്രം. ഇതാണ് വി ജെ എഫ് കാര്യത്തിൽ പ്രതികൂല നിലപാടിന് പിന്നിൽ എന്നും വിലയിരത്തപ്പെടുന്നു. പിന്നാലെ 34000 കോടിയുടെ നഗര-റോഡ് വികസനവും വിഴിഞ്ഞം– നാവായിക്കുളം- വികസന ഇടനാഴി (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ) യുടെ മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞ ദിവസം കൈമാറി. വ്യവസായ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും പിന്തുണയോടെയാണ് പദ്ധതി. ക്യാപ്പിറ്റൽ റീജിയൻ ഡെവലപ്മെന്റ് പ്രോജക്ട്–2 (സിആർഡിപി 2) ന്റെ നേതൃത്വത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. 34,000 കോടിയുടെ പദ്ധതിയാണ് ഇതിനായി സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. വിഴിഞ്ഞംമുതൽ നാവായിക്കുളം വരെ 77 കിലോമീറ്ററിലെ റിങ് റോഡ് വരും. ഇതിന് ഇരുവശങ്ങളിലുമായി അഞ്ച് കിലോമീറ്ററോളം ചുറ്റളവിലെ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലാണ് ടൗൺഷിപ്പുകളും ക്ലസ്റ്ററുകളും ഹബ്ബുകളും ഉയരുക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിമാനത്താവളം, ടെക്നോപാർക്ക്, വിവിധ സർവകലാശാലകൾ, ദേശീയപാത –- 66, മലയോര, തീരദേശ ഹൈവേകൾ, ലൈറ്റ് മെട്രോ, കെ റെയിൽ തുടങ്ങിയ പദ്ധതികളുമായും ഇതിനെ ബന്ധിപ്പിക്കും. Read on deshabhimani.com