ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രി വരുമോ; ഇന്ന് ചർച്ച
ന്യൂഡൽഹി> മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നുവെന്ന അരവിന്ദ് കെജ്‌രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഡൽഹി മുഖ്യമന്ത്രിപദവിയിൽ പിൻഗാമി ആരാവും എന്ന ചർച്ച സജീവമാക്കി. രാജ്യ തലസ്ഥാനത്ത് വീണ്ടും വനിതാ മുഖ്യമന്ത്രി വരുമോ എന്ന നിഗമനങ്ങളും പങ്കുവെയ്ക്കപ്പെടുന്നു. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയും. തനിക്കെതിരായ അഴിമതിയാരോപണങ്ങളിൽ ജനവിധി വന്നതിന് ശേഷം മാത്രമേ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കയുള്ളൂ. എന്നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പാർടിപ്രവർത്തകരെ അഭിസംബോധന ചെയ്യ്‌ത് കെജ്‌രിവാൾ പറഞ്ഞത്. ആം ആദ്മി പാർടി (എഎപി) യിലെ തൊട്ടടുത്ത നേതാവ് മനീഷ് സിസോദിയ ഇന്ന് കെജ്‌രിവാളിനെ കാണുന്നുണ്ട്. വൈകുന്നേരം നടക്കുന്ന യോഗത്തിൽ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ധാരണയുണ്ടാവാം എന്നാണ് കരുതുന്നത്. പുതിയ മുഖ്യമന്ത്രിസ്ഥാനം ഏതാനും മാസങ്ങൾ മാത്രമായിരിക്കും. ഫെബ്രുവരിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. പ്രധാന വിഷയങ്ങളിൽ പാർടിയുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അണികൾക്കിടയിൽ സ്വീകാര്യതയുള്ള ഒരു നേതാവിനെ തെരഞ്ഞെടുക്കാനാണ് എഎപി നേതൃത്വം ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അഞ്ച് നേതാക്കൾ അതിഷി: വിദ്യാഭ്യാസം, പിഡബ്ല്യുഡി തുടങ്ങിയ സുപ്രധാന വകുപ്പുകൾ വഹിക്കുന്ന ഡൽഹി മന്ത്രി അതിഷി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളയാളാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പൂർവവിദ്യാർത്ഥിയായ അതിഷി ഡൽഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌ക്കരിക്കുന്നതിനുള്ള എഎപിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മനീഷ് സിസോദിയയും അരവിന്ദ് കെജ്‌രിവാളും ജയിലിൽ കഴിയുമ്പോൾ എഎപിയ്ക്കുവേണ്ടി മുൻ നിരയിൽ നിന്ന നേതാവാണ്. സൗരഭ് ഭരദ്വാജ്: ഗ്രേറ്റർ കൈലാഷിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയിട്ടുള്ള ഭരദ്വാജ് അരവിന്ദ് കെജ്‌രിവാൾ സർക്കാരിൽ ജാഗ്രത, ആരോഗ്യം വിജിലൻസ് വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന ഭരദ്വാജ് അരവിന്ദ് കെജ്‌രിവാളിന്റെ 49 ദിവസത്തെ സർക്കാരിലും മന്ത്രിയായിരുന്നു. രാഘവ് ചദ്ദ: എഎപിയുടെ ദേശീയ എക്‌സിക്യൂട്ടീവിലും രാഷ്ട്രീയകാര്യ സമിതിയിലും അംഗമായ ചദ്ദ, രാജ്യസഭ എംപിയാണ്. ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ചദ്ദ ആം ആദ്മി പാർടിയുടെ തുടക്കകാലം മുതലുള്ള പ്രവർത്തകനാണ്. രജീന്ദർ നഗറിൽ നിന്നുള്ള എംഎൽഎയുമാണ്. 2022 ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൈലാഷ് ഗഹ്‌ലോട്ട്: എഎപി സർക്കാരിലെ മുതിർന്ന അംഗങ്ങളിലൊരാളാണ് ഗഹ്‌ലോട്ട്, ഗതാഗതം, ധനകാര്യം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകൾ വഹിക്കുന്ന ഇദ്ദേഹം 2015 മുതൽ ഡൽഹിയിലെ നജഫ്ഗഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. സഞ്ജയ് സിംഗ്: 2018 മുതൽ രാജ്യസഭാ എംപി. എഎപിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ദേശീയ എക്‌സിക്യൂട്ടീവിലും രാഷ്ട്രീയകാര്യ സമിതിയിലും അംഗവുമാണ്.ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ടകേസിൽ സഞ്ജയ് സിംഗ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. Read on deshabhimani.com