യുപിയിൽ ചെന്നായ്ക്കളുടെ ആക്രമണത്തിൽ കുട്ടികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു



ലക്നൗ > യുപിയിൽ ചെന്നായ ആക്രമണം തുടരുന്നു. ഭീതിതമായ സംഭവങ്ങൾക്കിടെ തിങ്കളാഴ്ച രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് പരിക്കേറ്റു. ബഹ്റയിച്ചി മേഖലയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന കുഞ്ഞിനെ ചെന്നായ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് ചെന്നായ ആക്രമണത്തിൽ എട്ട് കുട്ടികളടക്കം ഒൻപത് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.  ആറ് ചെന്നായകളുടെ കൂട്ടമാണ് ആക്രമണത്തിന് പിന്നിൽ  നാലെണ്ണത്തിനെ ഇതിനോടകം പിടികൂടാൻ കഴിഞ്ഞതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഇതിനിടെ തിങ്കളാഴ്ച വീണ്ടും ആക്രമണം ഉണ്ടായി. കെണികളൊരുക്കിയ ശേഷം മനുഷ്യ രൂപത്തിൽ വലിയ പാവകളുണ്ടാക്കി അതിൽ കുട്ടികളുടെ മൂത്രം തളിച്ച് അവിടേക്ക് ചെന്നായകളെ ആകർഷിക്കാനാണ് ഇപ്പോൾ ശ്രമം നടത്തുന്നത്. താമസിയാതെ ഇവയെ പിടികൂടാൻ കഴിയുമെന്ന്   ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പ്രതാപ് സിങ് അറിയിച്ചു. തെർമൽ ഡ്രോണുകൾ ഉപയോഗിച്ചും ചെന്നായകളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. പടക്കം പൊട്ടിച്ചും മറ്റും കെണികൾ ഒരുക്കിയിരിക്കുന്ന പ്രദേശങ്ങളിലേക്ക് ആകർഷിക്കാനാണ് നീക്കം. ആനപ്പിണ്ടം പല സ്ഥലങ്ങളിലായി കൊണ്ടിട്ട് ചെന്നായകളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റാനും ശ്രമമുണ്ട്. ആനകളെ പോലുള്ള വലിയ മൃഗങ്ങളുള്ള സ്ഥലങ്ങളിലേക്ക് സാധാരണ ചെന്നായകൾ സഞ്ചരിക്കാറില്ലെന്ന സാധ്യത ഉപയോഗപ്പെടുത്തിയാണിത്. എന്നാൽ ആക്രമണവും ഭീതിയും തുടരുന്ന സാഹചര്യമാണുള്ളത്.   Read on deshabhimani.com

Related News