മുസ്ലിങ്ങളെ സംസ്ഥാനം പിടിച്ചെടുക്കാൻ അനുവദിക്കില്ല; വിദ്വേഷ പരാമർശവുമായി ഹിമന്ത ബിശ്വ ശർമ
ഗുവാഹത്തി> വീണ്ടും വിദ്വേഷ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മിയ മുസ്ലിങ്ങളെ സംസ്ഥാനം പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ പുതിയ പരാമർശം. 14 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർടികൾ കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി . ബിശ്വ ശർമയുടെ പ്രസ്താവന പക്ഷപാതപരമാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാക്കളെയും അദ്ദേഹം വെല്ലുവിളിച്ചു. തന്റേത് പക്ഷപാതപരമായ നിലപാടാണെന്നും താൻ പക്ഷം പിടിക്കുമെന്നും നിങ്ങൾക്ക് ഇതിൽ എന്ത് ചെയ്യാൻ കഴിയുമെന്നുമായിരുന്നു ശർമ പറഞ്ഞത്. ലോവർ അസമിൽ നിന്നുള്ള ആളുകൾ എന്തിനാണ് അപ്പർ അസമിലേക്ക് പോകുന്നത്? അപ്പോൾ മിയ മുസ്‌ലിങ്ങൾക്ക് അസം പിടിച്ചെടുക്കാൻ കഴിയുമോ? അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്നായിരുന്നു ബിശ്വ ശർമയുടെ പരാമർശം. അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിങ്ങളെയാണ് 'മിയ' മുസ്ലീംങ്ങൾ എന്നുപറയുന്നത്. നേരത്തെയും, മിയ മുസ്ലിങ്ങൾക്കെതിരെ അധിക്ഷേപ പരാമർശവുമായി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയിരുന്നു. Read on deshabhimani.com