വെന്തുരുകി ഡല്‍ഹി ; 50 ഡിഗ്രി സെൽഷ്യസുമായി രാജസ്ഥാനിലെ ചുരു ലോകത്തെയും ഏറ്റവും ചൂടേറിയ നഗരം
ന്യൂഡൽഹി ഉഷ്‌ണതരംഗത്തിൽ വെന്തുരുകുന്ന ഡൽഹിയിൽ ചൊവ്വാഴ്‌ച രേഖപ്പെടുത്തിയത് 18 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട്. പാലം മേഖലയിൽ 47.6 ഡിഗ്രി സെൽഷ്യസും സഫ്‌ദർജങ്ങിൽ 46 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയ കൂടിയ ചൂട്. പാലത്ത് 2010ലും (47.6) സഫ്‌ദർജങ്ങിൽ 2002ലും (46) ആണ് സമാനമായ കൂടിയ ചൂട് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 50 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ രാജസ്ഥാനിലെ ചുരു ആണ് രാജ്യത്തെയും ലോകത്തെയും ഏറ്റവും ചൂടേറിയ നഗരം. പത്ത് വർഷത്തിനിടയിൽ രണ്ടാമത്തെ ഏറ്റവും കൂടിയ ചൂടാണ് ചുരുവിൽ രേഖപ്പെടുത്തിയത്. 2016 മെയ് 19ന് ഇവിടെ 50.2 ഡിഗ്രി സെൽഷ്യസായിരുന്നു കൂടിയ ചൂട്. ലോകത്തെ ഏറ്റവും ചൂടേറിയ 15 നഗരങ്ങളിൽ 10 എണ്ണവും ഇന്ത്യയിലാണ്. ഡൽഹിയിലും സമാന മേഖലകളിലും 24 മണിക്കൂർകൂടി ഉഷ്‌ണതരംഗ സാഹചര്യം തുടരും. ദേശീയദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 1992നും 2016നും ഇടയിൽ 25,716 മരണമാണ് ഉഷ്‌ണതരംഗംമൂലമുണ്ടായത്. Read on deshabhimani.com