ബസു പറഞ്ഞു, ഇവൻ ട്രബ്‌ൾ മേക്കറാണ്, നമ്മളോടെല്ലാം നമ്മുടെ മാതൃഭാഷയിൽ സംസാരിക്കുന്നു !
ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലും അസാമാന്യ പാണ്ഡിത്യം. മറ്റു ഇന്ത്യൻ നേതാക്കളിൽനിന്ന് സീതാറാം യെച്ചൂരിയെ വേറിട്ടുനിർത്തിയ സവിശേഷതയാണത്. മാതാപിതാക്കൾ ആന്ധ്രപ്രദേശുകാരായിരുന്നതുകൊണ്ട് കുട്ടിക്കാലം ചെന്നെെയിലും ഹൈദരാബാദിലുമായിരുന്നു. ഒസ്‌മാനിയയിലെ പഠനവും ഓൾഡ് ഹൈദരാബാദുമായുള്ള അടുപ്പവും കാരണം മാതൃഭാഷയ്‌ക്കുപുറമെ ഉറുദുവും വഴങ്ങി. ഡൽഹി ജീവിതത്തിൽ ഹിന്ദിയും ബംഗാളിയും എളുപ്പം സ്വായത്തമാക്കി. തമിഴിലും പ്രാവീണ്യം നേടി. പഴയ ആന്ധ്രപ്രദേശുകാരായ പി സുന്ദരയ്യ, എം ബസവപുന്നയ്യ തുടങ്ങിയ നേതാക്കളുമായി തെലുഗുവിലായിരുന്നു ആശയവിനിമയം. ജ്യോതിബസുവിനോട് ബംഗാളിയിലും ഇ എം എസ്, ഇ ബാലാനന്ദൻ, പി രാമമൂർത്തി എന്നിവരോട് ഇംഗ്ലീഷിലും തമിഴിലും ഹർകിഷൻസിങ് സുർജിത്തിനോട് ഹിന്ദിയിലും സംസാരിക്കാറുണ്ടായിരുന്നുവെന്ന് സീതാറാം യെച്ചൂരി തന്നെ പറഞ്ഞിട്ടുണ്ട്. യെച്ചൂരിയുടെ വാക്കുകൾ ഇങ്ങനെ: ‘ഒരിക്കൽ ഒരു യാത്രയിൽ ഈ നേതാക്കളോട് അവരവരുടെ ഭാഷയിൽ സംസാരിക്കുന്നത് കണ്ട് ജ്യോതി ബസു തമാശയായി പറഞ്ഞു. ‘ഇവൻ ട്രബ്‌ൾ മേക്കറാണ്. നമ്മളോടെല്ലാം നമ്മുടെ മാതൃഭാഷയിൽ സംസാരിക്കുന്നു. ഒരാളോട് എന്താണ് പറയുന്നതെന്ന് മറ്റുള്ളവർ അറിയില്ലല്ലോ. ഇവനെ സൂക്ഷിക്കണം.’ (ഈ വർഷമാദ്യം തിരുവനന്തപുരം വിളപ്പിൽശാലയിലെ ഇ എം എസ് അക്കാദമിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിനിടെ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽനിന്ന്) Read on deshabhimani.com