‘ഗണപതി പൂജ ആക്രമിക്കപ്പെടും, ഭൂമി ജിഹാദുണ്ടാകും’ ; വിദ്വേഷപ്രചാരണം കടുപ്പിച്ച്‌ ആദിത്യനാഥ്‌



ന്യൂഡൽഹി മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ വിദ്വേഷപ്രചാരണം തീവ്രമാക്കി ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. വിഭജിച്ച്‌ നിന്നാൽ ഗണപതി പൂജ ആക്രമിക്കപ്പെടുമെന്നും ഭൂമി ജിഹാദിലൂടെ ഭൂമി പിടിച്ചെടുക്കപ്പെടുമെന്നും പെൺകുട്ടികളുടെ സുരക്ഷ അപകടത്തിലാകുമെന്നും അചൽപുരിൽ ബിജെപി റാലിയിൽ ആദിത്യനാഥ്‌ പറഞ്ഞു. യുപിയിൽ ആരെങ്കിലും ഭൂമി കൈയേറിയാലോ ഭൂമി പിടിച്ചെടുത്താലോ അവരുടെ ടിക്കറ്റ്‌ യമരാജൻ റദ്ദാക്കുമെന്ന്‌ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന്‌ ആദിത്യനാഥ്‌ കൂട്ടിച്ചേർത്തു. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക്‌ നേരെ വ്യക്തിപരമായ ആക്രമണവും നടത്തി. ഹൈദരാബാദ്‌ നൈസാമിന്റെ കാലത്ത്‌ റസാക്കന്മാർ ഖാർഗെയുടെ അമ്മയെയും കുടുംബാംഗങ്ങളെയും ഹിന്ദുക്കളെയും ചുട്ടെരിച്ചു. എന്നാൽ, വോട്ട്‌ബാങ്ക്‌ രാഷ്‌ട്രീയത്തിനായി അതൊന്നും ഖാർഗെ മിണ്ടുന്നില്ലെന്നും ആദിത്യനാഥ്‌ പറഞ്ഞു. സന്ന്യാസിയെന്ന വ്യജേന ഇപ്പോൾ കുറേപ്പേർ രാഷ്‌ട്രീയക്കാരാകുന്നുണ്ടെന്ന്‌ കഴിഞ്ഞദിവസം ഖാർഗെ വിമർശിച്ചിരുന്നു. വീണ്ടും ഉദ്ദവിന്റെ 
ബാഗ്‌ പരിശോധിച്ചു മഹാരാഷ്‌ട്ര മുൻമുഖ്യമന്ത്രിയും ശിവസേന (യുബിടി) തലവനുമായ ഉദ്ദവ്‌ താക്കറെയുടെ ബാഗുകളും ഹെലികോപ്‌റ്ററും തുടർച്ചയായ രണ്ടാം ദിവസവും പരിശോധിച്ച്‌ തെരെഞ്ഞടുപ്പ്‌ കമീഷൻ. യവത്മാൽ ജില്ലയിൽ തിങ്കളാഴ്ചയും ലാത്തൂരിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്കുശേഷവുമാണ്‌ പരിശോധിച്ചത്‌.  മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ, ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ്‌ എന്നിവരുടെ ബാഗും പരിശോധിച്ച്‌ കമീഷൻ നിഷ്‌പക്ഷത കാണിക്കണമെന്ന്‌ ശിവസേന യുബിടി  ആവശ്യപ്പെട്ടു. Read on deshabhimani.com

Related News