കുവൈത്ത് - ഒമാൻ സംയുക്ത സമിതിയുടെ പത്താം സമ്മേളനം; ഒമ്പത് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു
കുവൈത്ത് സിറ്റി > പരസ്പര സഹകരണവും ഉഭയകക്ഷി ബന്ധവും കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിച്ച് കുവൈത്തും ഒമാനും. വിവിധ മേഖലകളിൽ ഒമ്പത് ധാരണപത്രങ്ങളും (എം.ഒ.യു) എക്സിക്യൂട്ടിവ് പ്രോഗ്രാമുകളും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യയും ഒമാൻ സുൽത്താനേറ്റ് വിദേശകാര്യ മന്ത്രി ബദർ അൽ ബുസെയ്ദിയും കുവൈത്തിൽ നടത്തിയ കുവൈത്ത്- ഒമാൻ സംയുക്ത സമിതിയുടെ രണ്ട് ദിവസം നീണ്ടുനിന്ന പത്താം സമ്മേളനത്തോടനുബന്ധിച്ച് നടന്ന യോഗത്തിലായിരുന്നു തീരുമാനം. ടൂറിസം, സംസ്കാരം, കല, മുനിസിപ്പൽ ജോലി, കൃഷി, മത്സ്യബന്ധനം, ഉപഭോക്തൃസംരക്ഷണം, ഭൂഗതാഗതം, ഇസ്ലാമിക് എൻഡോവ്മെന്റ് (ഔഖാഫ്) മേഖലകളിലാണ് ഒപ്പുവെച്ച കരാറുകളും ധാരണപത്രങ്ങളും. കുവൈത്ത് സിവിൽ സർവീസ് കമീഷനും (സിഎസ്സി) ഒമാൻ തൊഴിൽ മന്ത്രാലയവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള കരാർ, സമുദ്ര നാവിഗേഷൻ, ഇതിനു പുറമെ എല്ലാ മേഖലകളിലും സഹകരണം വിപുലീകരിക്കുന്നതിനുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലും യോഗം ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും സാധ്യമായ മേഖലകളിലെ സഹകരണം നടപ്പാക്കൽ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവയും യോഗം ചർച്ച ചെയ്തതായി അബ്ദുല്ല അൽ-യഹ്യ അറിയിച്ചു. സംയുക്ത സമിതി യോഗത്തിൻ്റെ ഫലങ്ങൾ കുവൈത്ത് -ഒമാൻ ബന്ധത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുമെന്നും തന്ത്രപരമായ സഹകരണത്തിൻ്റെ പുതിയ ഘട്ടം സ്ഥാപിക്കുമെന്നും മന്ത്രി അൽ യഹ്യ പറഞ്ഞു. കുവൈത്ത്, ഒമാൻ മേഖലയിൽ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്ന വിധത്തിൽ ഈ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും കൂടുതൽ സംയുക്ത യോഗങ്ങൾ നടത്തണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. Read on deshabhimani.com