ഈ വര്‍ഷം 126 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ലഭിച്ചു: ഇന്ത്യന്‍ അംബാസഡര്‍



മനാമ > ഈ വര്‍ഷം 126 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ലഭിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് അറിയിച്ചു. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ നാലിന് പൊതുമാപ്പില്‍ 16 ഇന്ത്യന്‍ തടവുകാര്‍ മോചിതരായി. ഇവരെ രാജകീയ മാപ്പ് പ്രകാരം മോചിപ്പിച്ചതിന്, ഹമദ് രാജാവിനോടും കിരീടാവകാശിയോടും ബഹ്റൈന്‍ അധികാരികളോടും അംബാസഡര്‍ നന്ദി അറിയിച്ചു. എംബസിയുടെ 24x7 ഹെല്‍പ് ലൈന്‍ മൊബൈല്‍ നമ്പറായ 39418071ല്‍ നിന്ന് വരുന്ന വ്യാജകാളുകള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കാന്‍ അംബാസഡര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയോട് ആവശ്യപ്പെട്ടു. സ്വകാര്യ വിവരങ്ങള്‍ അഭ്യര്‍ഥിക്കുന്നതോ പണം കൈമാറ്റം ആവശ്യപ്പെടുന്നതോ ആയ വ്യാജ കോളുകളാണ് പലര്‍ക്കും വന്നത്. എംബസി ഉദ്യോഗസ്ഥര്‍ ഈ നമ്പറില്‍നിന്ന് ആരെയും വിളിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളത്തില്‍ കാലതാമസം നേരിടുന്ന അമ്പതിലധികം ഇന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ട സമീപകാല കേസ് ഉള്‍പ്പെടെ വിവിധ തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ ഉടനടിയുള്ള പിന്തുണക്കും നടപടിക്കും തൊഴില്‍ മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഒറ്റപ്പെട്ടുപോയ കുടുംബത്തെ തിരിച്ചയക്കാനും ദീര്‍ഘനാളായി യാത്ര ചെയ്യാന്‍ കഴിയാതെ വന്ന ടിബി ബാധിച്ചയാളെ നാട്ടിലെത്തിക്കാനും കഴിഞ്ഞു. 25 വര്‍ഷത്തിലധികമായി നാട്ടില്‍ പോകാന്‍ കഴിയാതെ ബഹ്റൈനില്‍ കുടുങ്ങിപ്പോയ മറ്റൊരു ഇന്ത്യന്‍ പൗരനെ നാട്ടിലേക്ക് പറഞ്ഞയക്കാനും സാധിച്ചു. ഇന്ത്യന്‍ പൗരന്മാരുന്നയിച്ച പരാതികളില്‍ ചിലത് ഓപണ്‍ ഹൗസില്‍ പരിഹരിച്ചു. മറ്റുള്ളവക്ക് എത്രയും വേഗം പരിഹാരം കാണുമെന്നും അംബാസഡര്‍ പറഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 50 ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു. എംബസിയില്‍ നടന്ന ഓപണ്‍ ഹൗസില്‍ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. Read on deshabhimani.com

Related News