ഉദ്യോഗസ്ഥ ചുവപ്പുനാടകൾ ലഘൂകരിക്കാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം ദിർഹം അവാർഡ്
ദുബായ് > സർക്കാർ നടപടിക്രമങ്ങൾ പരമാവധി ലഘൂകരിക്കുകയും ബ്യൂറോക്രസിയുടെ ഇടപെടലുകൾ പരമാവധി കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്ന പദ്ധതികൾ മുന്നോട്ടുവെക്കുന്ന ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് 70 ലക്ഷം ദിർഹം അവാർഡ് നൽകാൻ യുഎഇ കാബിനറ്റ് അംഗീകാരം നൽകി. സർക്കാർ നടപടിക്രമങ്ങൾ പരമാവധി ചുരുക്കുന്നതിനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുന്നതിനും കമ്പനികളുടെയും വ്യക്തികളുടെയും മേലുള്ള ഭാരം കുറയ്ക്കുന്നതിനും ഉതകുന്ന പ്രോജക്ടുകൾ സമർപ്പിക്കുന്ന ടീമുകൾ, വ്യക്തികൾ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവരെ ഞങ്ങൾ ആദരിക്കും- യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. എമിറേറ്റ്‌സ് എന്റർപ്രണർഷിപ്പ് കൗൺസിൽ രൂപീകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകിയതായും യുവജന പദ്ധതികൾക്ക് പിന്തുണ നൽകാനും സംരംഭകത്വ മേഖലയിലേക്ക് പ്രവേശിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും 300 ദശലക്ഷം ദിർഹം ഫണ്ട് അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. എമിറേറ്റ്സ് എന്റർപ്രണർഷിപ്പ് കൗൺസിലിന്റെ അധ്യക്ഷൻ ആലിയ അൽ മസ്റൂയി ആയിരിക്കും. രാജ്യത്തിന്റെ ആധുനിക വാസ്തുവിദ്യാ പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള ദേശീയ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തിന്റെ വാസ്തുവിദ്യാ സ്വത്വം രൂപപ്പെടുത്തുന്ന നഗര സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും സാംസ്‌കാരികവും ദേശീയവും ചരിത്രപരവുമായ പ്രാധാന്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിൽ നയം ശ്രദ്ധ കേന്ദ്രീകരിക്കും. 130 ഓളം സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും നിലവിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ ഇത് 1,000 സൈറ്റുകളായി അത് ഉയർത്തുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദിന്റെയും ഡെപ്യൂട്ടി ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദിന്റെയും നേതൃത്വത്തിലുള്ള വിദ്യാഭ്യാസം, മനുഷ്യ വികസനം, കമ്മ്യൂണിറ്റി കൗൺസിലിനുള്ള ഭരണസംവിധാനത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിമാർ, എക്സിക്യൂട്ടീവ്, സ്‌പെഷ്യലൈസ്ഡ് കമ്മിറ്റികൾ, ഉന്നത വിദ്യാഭ്യാസം, സ്വകാര്യ വിദ്യാഭ്യാസം, സാമൂഹിക മേഖല എന്നിവയ്ക്കായുള്ള സെക്ടറൽ കമ്മിറ്റികൾ എന്നിവയിൽ നിന്നുള്ള ഏഴ് അംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ അവസാന കാബിനറ്റ് യോഗമാണ് ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ അൽ വതൻ കൊട്ടാരത്തിൽ നടന്നത്. Read on deshabhimani.com