കുവൈറ്റിൽ വൻതോതിൽ മദ്യം പിടിച്ചെടുത്തു
കുവൈറ്റ് സിറ്റി > കുവൈറ്റിൽ വൻതോതിൽ മദ്യം പിടിച്ചെടുത്തു. കുവൈറ്റ് മുനിസിപ്പാലിറ്റി, ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ഉൾപ്പെടെയുള്ള വിവിധ സർക്കാർ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധനയിലാണ് അധികൃതർ മദ്യം പിടികൂടിയത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത 6,828 മദ്യ കുപ്പികളാണ് അധികൃതർ പിടിച്ചെടുത്തത്. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പിടികൂടിയ മദ്യം, ക്രിമിനൽ കേസുകളിൽ പിടിച്ചെടുക്കുന്ന മദ്യം നശിപ്പിക്കുന്നത് നിർബന്ധമാക്കുന്ന 2016 ലെ 15-ാം നമ്പർ മന്ത്രിതല തീരുമാനത്തിന് അനുസൃതമായി അധികൃതർ നശിപ്പിക്കുകയും ചെയ്തു. കുവൈറ്റ് മുനിസിപ്പാലിറ്റി, ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സപ്ലൈ ആൻഡ് കാറ്ററിംഗ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ എന്നിവയുൾപ്പെടെ നിരവധി ഏജൻസികളുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. നിയമലംഘകരെ ചെറുക്കുന്നതിനും, മദ്യം, മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും തടയുന്നതിനും അതുവഴി രാജ്യത്തിൻ്റെ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടിയെന്നും അധികൃതർ വ്യക്തമാക്കി. Read on deshabhimani.com