ഏഴ് നിലകളിലുള്ള സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു
ദുബായ് > ദുബായ് ദിയറയിലെ അൽ സബ്ഖ ഏരിയയിൽ 350 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുള്ള ഏഴ് നില സ്മാർട്ട് പാർക്കിങ് സൗകര്യം നിർമ്മിക്കുമെന്ന് പാർക്കിൻ കമ്പനി അറിയിച്ചു. തിരക്കേറിയ ദെയ്റ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പുതിയ ബഹുനില കാർ പാർക്ക് വികസിപ്പിക്കുന്നതിനായി ദുബായ് എൻഡോവ്മെൻറ് ആൻഡ് മൈനേഴ്സ് ട്രസ്റ്റ് ഫൗണ്ടേഷനുമായി (ഔഖാഫ് ദുബായ്) ധാരണാപത്രത്തിൽ ഏർപ്പെട്ടതായി പബ്ലിക് പാർക്കിങ് ഓപ്പറേറ്റർ പാർക്കിൻ അധികൃതർ അറിയിച്ചു. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പണം നൽകേണ്ടിവരുന്ന പെയ്ഡ് പാർക്കിങ് സംവിധാനമാണ് ഒരുക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഏകദേശം 175,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ പാർക്കിങ് സൗകര്യം ഒരുക്കുക. കൂടാതെ 9,600 ചതുരശ്ര അടി താഴത്തെ നിലയിൽ റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങൾക്കായി നീക്കിവയ്ക്കും. പാർക്കിങ് ഫീസിന് പുറമെ, വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വാടക ഇനത്തിൽ പാർക്കിൻ കമ്പനിക്ക് ഇതിലൂടെ അധിക വരുമാനം ലഭിക്കുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com