അബ്ദുറഹീമിന്റെ മോചനം: കേസ് ഡിസംബർ എട്ടിന് പരിഗണിക്കും; വിധി നീട്ടിയത് വിശദ പരിശോധനക്ക്
റിയാദ്> റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചന സംബന്ധിച്ച കേസ് ഡിസംബർ എട്ട് ഞായറാഴ്ച രാവിലെ 9.30ന് പരിഗണിക്കുമെന്ന് റിയാദ് റഹിം സഹായ സമിതി അറിയിച്ചു. വധശിക്ഷയിൽ നിന്നും ഒഴിവായെങ്കിലും അന്തിമ വിധികാത്ത് റിയാദിലെ അൽ ഇസ്‌കാൻ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെതിരെ ആസൂത്രിത കൊലപാതകം നടത്തി എന്നതിന് കുറ്റപത്രത്തിലുളള ഏഴ് കണ്ടെത്തലുൾ കോടതി ഇന്നും റഹിമേനോട് ചോദിച്ചു. വിചാരണ വേളയിൽ നൽകിയ ഉത്തരങ്ങൾ തന്നെയായിരുന്നു റഹീം ഇന്നും ആവർത്തിച്ചത്. വധശിക്ഷ റദ്ദാക്കിയ റിയാദ് ക്രിമിനൽ കോടതിയിലെ ഡിവിഷൻ ബഞ്ചാണ് പ്രോസിക്യൂഷൻ വാദങ്ങളും റഹീമിന്റ മറുപടിയും കേട്ടത്. കേസ് വിശദമായി പഠിക്കാൻ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ടാഴ്ചത്തേക്ക് കേസ് വീണ്ടും നീട്ടി വെച്ചത്. കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഓരോന്നായി നിരത്തിയാണ് പ്രോസിക്യൂഷൻ കുറ്റപത്രം തയ്യാറാക്കിയത്. കുറ്റസമ്മത മൊഴി, റഹീമിനെതിരെ രണ്ടാം പ്രതി നസീർ നൽകിയ മൊഴി, അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴി, ഫോറൻസിക് പരിശോധന, മെഡിക്കൽ റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്നിവയെല്ലാം വിചാരണ വേളയിൽ പ്രോസിക്യൂഷൻ സമഗ്രമായി കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ വിവരങ്ങൾ ഇന്നും കോടതി പരിശോധിച്ചു. പ്രൈവറ്റ് റൈറ്റ് പ്രകാരം ക്രിമിനൽ കുറ്റങ്ങളിൽ മാപ്പുനൽകാനുളള അവകാശം ഇരകൾക്കും അവരുടെ അനന്തരാവകാശികൾക്കുമാണ്. ഇത്തരത്തിൽ ദിയാ ധനം സ്വീകരിച്ചും അല്ലാതെയും മാപ്പുനൽകാറുണ്ട്. ഇത് പ്രകാരമുള്ള വിധിയിലാണ് വധശിക്ഷ റദ്ദാക്കിയത്. തുടർന്ന് പബ്ലിക്ക് റൈറ്റ് പ്രകാരമുളള ശിക്ഷ സംബന്ധിച്ച കേസാണ് നിലവിൽ കോടതി പരിഗണിക്കുന്നത്. ഇന്ന് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലെ കണ്ടെത്തലുകൾ റഹീമിന് തിരിച്ചടിയായി. മനഃപ്പൂർവ്വം കൊലപാതകം നടത്തിയിട്ടില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും മരിച്ച ബാലനുമായി മുൻവൈരാഗ്യം ഇല്ലെന്നും റഹീം കോടതിയിൽ ആവർത്തിച്ചു. അംഗപരിമിതിയുളള ബാലൻ തുടരെ മുഖത്തേയ്ക്ക് തുപ്പിയപ്പോൾ സ്വാഭാവികമായി കൈകൊണ്ടു തടയുക മാത്രമാണ് ചെയ്തതെന്നും, മരിക്കണം എന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടിലെന്നും റഹീം ഇന്നും കോടതിയിൽ ആവർത്തിച്ചു. കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂൾ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006ലാണ് സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന് ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് കുടുംബം മടങ്ങിയെത്തിയത്. Read on deshabhimani.com