അരളിച്ചെടിയുടെ വ്യാപാരത്തിനും കൃഷിക്കും അബുദാബിയിൽ നിരോധനം



അബുദാബി > അരളിച്ചെടിയുടെ (ഒലിയാൻഡർ) കൃഷി, വ്യാപാരം എന്നിവ നിരോധിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതർ അറിയിച്ചു. അരളിപ്പൂക്കൾ കഴിക്കുന്നത് വിഷബാധയ്ക്ക് കാരണമാകുന്നതിനാലാണ് നടപടി. നിലവിൽ ഈ ചെടികൾ വളർത്തുന്നവർ അവ നശിപ്പിക്കണം. പാറക്കെട്ടുകൾ നിറഞ്ഞ താഴ്വരകളിലും റോഡരികിലുമാണ് ഇവ പൊതുവെ കാണപ്പെടുന്നത്. ചെടിയുടെ ഇല, പൂവ്, വിത്ത് എന്നിവയുൾപ്പെടെ എല്ലാഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവ ചെറിയ അളവിൽപ്പോലും ശരീരത്തിലെത്തുന്നത് അപകടകരമാണ്. ശരീരത്തിലെത്തിയാൽ ഛർദി, വയറിളക്കം, അസാധാരണമായ ഹൃദയമിടിപ്പ് എന്നിവയുണ്ടാക്കും. ചില സാഹചര്യങ്ങളിൽ മരണംവരെ സംഭവിച്ചേക്കാം. നമുക്ക് അപരിചിതമായ ചെടികളും പൂക്കളും തൊടരുതെന്നും അബദ്ധവശാൽ അപകടമുണ്ടായാൽ പോയ്‌സൺ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സർവീസസിന്റെ (പി.ഡി.ഐ.എസ്.) ഹോട്ട്ലൈനുമായി (800424) ബന്ധപ്പെടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിഷസസ്യങ്ങൾ കണ്ടാൽ ജാഗ്രത പാലിക്കണമെന്ന് അഡാഫ്‌സയിലെ റെഗുലേറ്ററി ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൗസ സുഹൈൽ അൽ മുഹൈരി പറഞ്ഞു. അഡാഫ്‌സയുമായി സഹകരിച്ച് പൊതുയിടങ്ങളിൽനിന്ന് അരളിച്ചെടികൾ നീക്കംചെയ്യുമെന്ന് മുനിസിപ്പാലിറ്റി ഗതാഗതവകുപ്പിലെ ഓപ്പറേഷൻസ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. സലേം അൽ കഅബി വ്യക്തമാക്കി.   Read on deshabhimani.com

Related News