സൗരോർജ സെല്ലുകളുടെ നിർമാണ യൂണിറ്റ് സ്ഥാപിക്കൽ; ചൈനീസ് കമ്പനിയുമായി കരാർ ഒപ്പുവച്ചു



മസ്‌കത്ത്‌> ഒമാനിലെ സൊഹാറിൽ സൗരോർജ സെല്ലുകളുടെ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ചൈനീസ് കമ്പനിയുമായി കരാർ ഒപ്പുവച്ചു. ഹൈക്കൗ ആസ്ഥാനമായ ഹൈനാൻ ദ്രിന്ദ ന്യൂ എനർജി ടെക്‌നോളജിയുമായാണ്‌ കരാർ ഒപ്പുവച്ചത്‌. രണ്ടു ഘട്ടത്തിലായി യൂണിറ്റ് നിർമിക്കാനാണ്‌ പദ്ധതിയിടുന്നത്. ദ്രിന്ദയുടെ ഉടമസ്ഥതയിലുള്ള ജിയെതായ് ന്യൂ എനർജി (ജെടിപിവി) ടെക്‌നോളജിയുടെ സാമൂഹിക മാധ്യമ പേജിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്. ഇൻവെസ്റ്റ് ഒമാനുമായി ഒപ്പുവെച്ച കരാർ പ്രകാരം തങ്ങളുടെ ആഗോള ശൃഖലയുടെ വിപുലീകരണത്തിൽ സുപ്രധാന ചുവടുവയ്‌പ്‌ നടത്തിയതായി ദ്രിന്ദ പറഞ്ഞു. മേൽത്തരം എൻ-ടൈപ്പ് സെൽ നിർമാണത്തിന് ഒമാനിൽ അടിത്തറ പാകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കുറിപ്പിൽ പറഞ്ഞു. 2025-ഓടെ പൂർത്തിയാകുമെന്ന്‌ പ്രതീക്ഷിക്കുന്ന ഈ സംരംഭം പുനരുപയോഗ ഊർജ മേഖലയിൽ ചൈനയും ഒമാനും തമ്മിലുള്ള വർധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ തെളിവാണെന്നും കമ്പനി കൂട്ടിച്ചേർത്തു. ഉയർന്ന കാര്യക്ഷമയുള്ള സെൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഉൽപ്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിൽ ലോകത്തിൽ ഒന്നാംസ്ഥാനത്തുള്ള സ്ഥാപനമാണ് ദിന്ദ്ര. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം 29.96 ജിഗാ വാട്ട് ശേഷിയുള്ള സോളാർ സെൽ കയറ്റുമതിയിൽ ആഗോളതലത്തിൽ നാലാമതും 20.58 ജിഗാ വാട്ട് ശേഷിയുള്ള ഉയർന്ന കാര്യക്ഷമതയുള്ള എൻ-ടൈപ്പ് സെൽ കയറ്റുമതിയിൽ ആഗോളതലത്തിൽ ഒന്നാമതുമാണ് കമ്പനിയുടെ സ്ഥാനം. 2050-ഓടെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടുനീങ്ങുന്ന ഒമാൻ പുനരുപയോഗർജ മേഖലയിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. സൗരോർജം, കാറ്റ് തുടങ്ങിയ പുനരുപയോഗ മാർഗങ്ങളിലൂടെ 2030 ഓടെ 30 ശതമാനം വൈദ്യുതി ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രാഥമിക ഊർജ സ്രോതസായി പുനരുപയോഗ ഊർജ മേഖലകളെ പരിഗണിക്കുക, ഹൈഡ്രജൻ ഊർജസ്രോതസുകളെ കൂടുതലായി ആശ്രയിക്കുക തുടങ്ങിയ മാർഗങ്ങൾ ഇതിനായി സ്വീകരിക്കേണ്ടി വരുമെന്ന് ഊർജമന്ത്രാലയം പ്രതിനിധികൾ പറഞ്ഞു. 2030 ഓടെ പ്രതിവർഷം 10 ലക്ഷം മെട്രിക് ടണ്ണിൽ കൂടുതൽ ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 400 ലക്ഷം സോളാർ പാനലുകൾ സ്ഥാപിക്കും. തൊട്ടടുത്ത വർഷങ്ങളിൽ 6000 വിൻഡ് ടർബൈനുകൾ ഇറക്കുമതി ചെയ്യാനും ഒമാൻ ശ്രമിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News