എയർ കേരള യാഥാർഥ്യത്തിലേക്ക്; സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചു
ദുബായ്> എയർകേരള യാഥാർഥ്യമാവുന്നു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ (zettfly) ഏവിയേഷന് സർവിസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചു. ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യു പി സിയാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ എൻഒസി ലഭിച്ചത്. എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിൻറെ ടൂറിസം ട്രാവൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾക്ക് അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു. തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്. ഇതിനായി 3 എടിആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്ന് അഫി അഹമ്മദ്പറഞ്ഞു. മെഹ്മാൻ ദുബൈ ഹോട്ടലിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ളൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ് യു പി സി, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, കമ്പനി സെക്രട്ടറി ആഷിഖ് (ആഷിഖ് അസ്സോസിയേറ്റ്സ്), ജനറൽ മാനേജർ സഫീർ മഹമൂദ്, ലീഗൽ അഡ്വൈസർ ശിഹാബ് തങ്ങൾ (ദുബായ്)തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com