പ്രശ്നങ്ങളെ അതിജീവിക്കാൻ പ്രാപ്തനാക്കിയത് വായനക്കാർ: അഖിൽ പി ധർമജൻ



ഷാർജ >  എഴുത്തുകാരനാകാനുള്ള ആഗ്രഹത്തെ പലരും പരിഹസിച്ചു എന്നും എന്നാൽ അതിനെ അതിജീവിക്കാൻ പ്രാപ്തനാക്കിയത് വായനക്കാരാണെന്നും അഖിൽ പി ധർമജൻ. എഴുത്തുകാരൻ എന്ന നിലയിൽ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അഖിൽ പി ധർമജൻ പറഞ്ഞു. മൂന്ന് ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ റാം c/o ആനന്ദി എന്ന നോവൽ മുന്നൂറ് താളുകൾ എഴുതിയ ശേഷം പൂർണമായും ഒഴിവാക്കി വീണ്ടും എഴുതിയ പുസ്തകമാണ്. രണ്ടാമത് എഴുതിയപ്പോൾ കഥ പറയുന്ന രീതിയിൽ ഫലപ്രദമായ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്നും ഷാർജ രാജ്യാന്തര പുസ്തക മേളയിൽ 'പുസ്തകത്തിനപ്പുറമുള്ള കഥകൾ - റാം C / O ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജനുമൊത്ത് ഒരു സായാഹ്നം' എന്ന പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ആദ്യ രചന പൂർത്തിയാക്കിയ ശേഷം 2018 എന്ന സിനിമയുടെ തിരക്കഥ എഴുതി. ഇതിന് ശേഷം ഒരിക്കൽ കൂടി വായിച്ചപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ എഴുതാമായിരുന്നു എന്ന് ബോധ്യമായതുകൊണ്ടാണ് ആദ്യം എഴുതിയത് പൂർണമായും ഒഴിവാക്കിയതെന്നും അഖിൽ വിശദീകരിച്ചു. താൻ മോശമായി ഒന്നും ചെയ്യുന്നില്ല. ആരെയും അക്രമിക്കുന്നില്ല. എന്നിട്ടും തനിക്കെതിരെ പല കോണുകളിൽ നിന്നും അധിക്ഷേപങ്ങൾ വരുന്നു. ചിലർ തന്റെ ശബ്ദത്തെയും,വേഷത്തെയും പരിഹസിക്കുന്നു. മറ്റുചിലർ 'ബോഡി ഷെയ്മിങ്ങ് ചെയ്യുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അവഗണിക്കാനും അതിജീവിക്കാനും പഠിച്ചു. തന്റെ ഏറ്റവും പുതിയ നോവലിന് ഒരു ഫ്രഞ്ച് വെബ് സീരീസുമായി സാമ്യമുണ്ടെന്ന് വന്നതോടെ താൻ വിഷാദത്തിലേക്ക് വീണുപോയെന്ന് അഖിൽ വെളിപ്പെടുത്തി. പിന്നീട്  ചികിത്സയുടെ സഹായത്തോടെയാണ് എഴുത്തു ജീവിതത്തിലേക്ക് തിരികെ വന്നതെന്നും അഖിൽ പറഞ്ഞു. നോവൽ പുതിയ ഭാവുകത്വത്തോടെ എഴുതി പൂർത്തിയാക്കാനായി എന്നും അടുത്ത വർഷം ജനുവരിയിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്  എഴുത്ത് തുടങ്ങിയത്. ട്യൂഷൻ ക്ലാസ്സിലെ സഹപാഠിയും അയൽക്കാരനുമായ അഭിജിത്താണ് ആദ്യ വായനക്കാരനും വിമർശകനും. ഇന്നും തൻ്റെ രചനകളുടെ ആദ്യ പ്രൂഫ് റീഡർ അഭിജിത്താണെന്ന് അഖിൽ പറയുന്നു.  സ്കൂൾ പഠന കാലം മുതൽ ഫാന്റസിയുടെ ലോകത്തായിരുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിൽ മണ്ണിട്ട്  അവിടം ദ്വീപാണെന്ന് സങ്കൽപ്പിച്ച് ഉറുമ്പുകളെ കയറ്റിവിടുകയും കടലാസ്സ് വഞ്ചികൾ ഉണ്ടാക്കി വിടുകയും ചെയ്യുമായിരുന്നു. മെർക്കുറി ഐലൻഡ് എന്ന നോവലിന്റെ പ്രചോദനം ഇതാണ്. പ്രസാധകർ നിരാകരിച്ച തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത് വായനക്കാരുടെ പിന്തുണ കൊണ്ടാണ്. ഫേസ്ബുക്കിനോടാണ് ആദ്യ കടപ്പാട് .  Read on deshabhimani.com

Related News