'അൽ ഐൻ: എ ലിവിംഗ് ഒയാസിസ്' ക്യാമ്പയിന് തുടക്കം
അബുദാബി > അൽ ഐനിൻ്റെ ചരിത്രവും ആകർഷണങ്ങളും പ്രദർശിപ്പിക്കുന്നതിനായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പിൻ്റെ ബ്രാൻഡായ എക്‌സ്പീരിയൻസ് അബുദാബി 'അൽ ഐൻ: എ ലിവിംഗ് ഒയാസിസ്' എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു. നഗരത്തിൻ്റെ സമ്പന്നമായ സംസ്കാരം, സാഹസികത, പാരമ്പര്യം എന്നിവ പര്യവേക്ഷണം ചെയ്യുന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. നാല് ഭാഗങ്ങളുള്ള ഡോക്യുമെൻ്ററി-ശൈലിയിലാണ് ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്. എമിറേറ്റിലെ ചരിത്രപ്രാധാന്യമുള്ള കോട്ടകളിലും മരുപ്പച്ചകളിലും രണ്ട് സുഹൃത്തുക്കൾ പര്യടനം നടത്തുന്നത് മുതൽ ഉല്ലാസപ്രദമായ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമെല്ലാം ഡോക്യുമെൻ്ററി-ശൈലിയുള്ള കാമ്പെയ്നിൽ കാണാം. അമ്പെയ്ത്ത്, കുതിരസവാരി തുടങ്ങിയ കായിക വിനോദങ്ങൾ ഇവർ പരീക്ഷിക്കുന്നതും ഡോക്യുമെൻ്ററിയിലുണ്ട്. യുഎഇ ഫോട്ടോഗ്രാഫറായ ഉബൈദ് അൽബുദൂർ, സേലം അൽ അത്താസ് എന്നിവരാണ് കാമ്പെയ്‌നിലെ പ്രധാന താരങ്ങൾ. അബുദാബിയിൽ നിന്നും ദുബായിൽ നിന്നും ഒരു മണിക്കൂർ ദൈർഘ്യമാണ് യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള അൽ ഐനിലേക്കുള്ളത്. 5,000 വർഷത്തിലധികം മനുഷ്യവാസമുള്ള ശാന്തവും സമൃദ്ധവുമായ സ്ഥലമാണ് അൽ ഐൻ. പുരാവസ്തു സൈറ്റുകൾ, പുനഃസ്ഥാപിച്ച കോട്ടകൾ, കരകൗശലത്തിനും പാരമ്പര്യത്തിനും പേരുകേട്ട ആദ്യകാല കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. Read on deshabhimani.com