യുഎഇയിൽ ലോട്ടറി തട്ടിപ്പിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്
ദുബായ് > യുഎഇയിൽ ലോട്ടറിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ സ്വദേശികളും വിദേശികളുമായ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ). യുഎഇയിൽ മൂന്ന് ഓപ്പറേറ്റർമാർക്ക് മാത്രമേ ലോട്ടറിയും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള ലൈസൻസ് നൽകിയിട്ടുള്ളുവെന്നും മറ്റാർക്കും ഇതിന് അനുവാദമില്ലെന്നും അതോറിറ്റി അറിയിച്ചു. ലോട്ടറിയിലും ഗെയിമിങ്ങിലും പങ്കെടുക്കുന്നതിന് മുമ്പ് ഗെയിമിങ് ഓപ്പറേറ്ററുടെ ലൈസൻസിങ് നില അതിൻറെ വെബ്സൈറ്റിൽ പരിശോധിക്കണമെന്ന് അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. യുഎഇ ലോട്ടറിയായി പ്രവർത്തിക്കുന്ന ദി ഗെയിം എൽഎൽസിയാണ് രാജ്യത്തെ ഏക ലോട്ടറി ലൈസൻസുള്ള സ്ഥാപനം. ജിസിജിആർഎ റെഗുലേറ്ററി ചട്ടക്കൂടിന് കീഴിൽ അനുവദനീയമായ ഒരേയൊരു ലോട്ടറി ലൈസൻസ് സ്ഥാപനവും ഇതാണെന്ന് അതോറിറ്റി പറഞ്ഞു. എന്നാൽ നേരത്തേയുള്ള ചില ലോട്ടറി പ്രവർത്തനങ്ങൾ തുടരാൻ നിയമം അനുവദിക്കുന്നുണ്ട്. ഈ ചട്ടക്കൂടിനുള്ളിൽ, ഏകദേശം 30 വർഷമായി രാജ്യത്ത് പ്രവർത്തിക്കുന്ന ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ എന്നീ എയർപോർട്ട് ലോട്ടറികൾക്കും ജിസിജിആർഎയുടെ മേൽനോട്ടത്തിൽ പ്രവർത്തനം തുടരാൻ അനുമതിയുണ്ട്. ഇവയല്ലാതെ നിലവിലുള്ള മറ്റൊരു ലോട്ടറിക്കും തുടർ പ്രവർത്തനങ്ങൾക്ക് അനുവാദമില്ലെന്നും അവയെല്ലാം അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ലൈസൻസില്ലാത്ത ലോട്ടറി, വാണിജ്യ ഗെയിമിങ് ഓപ്പറേറ്റർമാരുമായി ബിസിനസ്സ് ചെയ്യുന്നതും ഗെയിമിങ്ങിൽ ഏർപ്പെടുന്നതും അപകടകരമാണെന്നും അധികൃതർ വ്യക്തമാക്കി. 100 മില്യൺ ദിർഹത്തിൻറെ ജാക്ക്‌പോട്ട് വാഗ്ദാനം ചെയ്യുന്ന യുഎഇയുടെ ആദ്യ ലോട്ടറി ഓപ്പറേഷൻ നവംബറിൽ ഔദ്യോഗികമായി ആരംഭിച്ചിരുന്നു. ഉദ്ഘാടന തത്സമയ നറുക്കെടുപ്പ് ഡിസംബർ 14നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അബൂദാബി ഇൻറർനാഷണൽ എയർപോർട്ടിൻറെ ബിഗ് ടിക്കറ്റ് ദശലക്ഷക്കണക്കിന് ദിർഹം മൂല്യമുള്ള ഗ്രാൻഡ് പ്രൈസുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൻറെ ഏറ്റവും വലിയ നറുക്കെടുപ്പ് 30 ദശലക്ഷം ദിർഹം സമ്മാനത്തുക 2025 ജനുവരിയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നു. പുതിയ നിയമം നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് നേരത്തേയുണ്ടായിരുന്ന എമിറേറ്റ്സ് ഡ്രോ, മഹ്സൂസ് തുടങ്ങിയ റാഫിൾ ഡ്രോ ഓപ്പറേറ്റർമാർ ജിസിജിആർഎയുടെ നിർദ്ദേശങ്ങൾ പാലിച്ച് 2024 ജനുവരി 1 മുതൽ യുഎഇ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി. രണ്ട് ഓപ്പറേറ്റർമാരും ദേശീയ ലോട്ടറി ലൈസൻസിനായി അപേക്ഷിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ലൈസൻസില്ലാത്ത വാണിജ്യ ഗെയിമിങ് ഓപ്പറേറ്റർമാരും കളിക്കാരും നിയമവിരുദ്ധരാണെന്നും അധികൃതർ അറിയിച്ചു. അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധവും യുഎഇ നിയമപ്രകാരം ശിക്ഷാർഹവുമാണ്. പിഴയും തടവും പോലുള്ള ശിക്ഷകൾ ഉൾപ്പെടെ ഇവർക്ക് ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിലുള്ള നിയമങ്ങൾ ചൂതാട്ടത്തിന് 50,000 ദിർഹം വരെ പിഴയും ചൂതാട്ടത്തിനായി ഒരു സ്ഥലം പ്രവർത്തിപ്പിക്കുന്നതിന് 10 വർഷം വരെ തടവും കുറഞ്ഞത് 100,000 ദിർഹം വരെ പിഴയും ലഭിക്കും. Read on deshabhimani.com