ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് പുരസ്കാരം നേടി ഷാർജ അൽ നൂർ ഐലൻഡ്
ഷാർജ> മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പത്ത് വിനോദസഞ്ചാര ആകർഷണങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഷാർജയിലെ അൽ നൂർ ഐലൻഡ്. ലോകത്തെ ഏറ്റവും മികച്ചതും യാത്രക്കാർ ഇഷ്ടപ്പെടുന്നതുമായ വിനോദകേന്ദ്രങ്ങൾ അവതരിപ്പിക്കുന്ന ട്രിപ്പ് അഡ്വൈസറിന്റെ 2024ലെ 'ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്' പുരസ്കാരം അൽ നൂർ ഐലൻഡ് നേടി. അൽ നൂർ ഐലൻഡ് കഴിഞ്ഞ വർഷവും 'ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്' പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഷാർജ നഗരമധ്യത്തിലെ ഖാലിദ് തടാകത്തിലാണ് അൽ നൂർ ഐലൻഡ്. അൽ നൂർ ഐലൻഡിനു പുറമേ മെലീഹ ആർക്കിയോളജിക്കൽ സെന്ററും അൽ മുൻതസ പാർക്കും ട്രിപ് അഡ്വൈസറിന്റെ 'ട്രാവലേഴ്സ് ചോയ്സ്' അവാർഡ് നേടിയിട്ടുണ്ട്. തുടർച്ചയായി ഏഴാം വർഷമാണ് മെലീഹ ഈ നേട്ടം കരസ്ഥമാക്കുന്നത്. യാത്രാസംബന്ധിയായ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും പ്രശസ്തമാണ് ട്രാവൽ റിവ്യൂ പ്ലാറ്റ്ഫോമാണ് 'ട്രിപ് അഡ്വൈസർ'. ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളുമെല്ലാം ലിസ്റ്റ് ചെയ്യപ്പെടുന്ന ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ, പൂർണമായും സഞ്ചാരികളുടെ അഭിപ്രായങ്ങൾക്കും റേറ്റിങ്ങിനുമനുസരിച്ചാണ് പട്ടികകളും പുരസ്കാരങ്ങളും നിശ്ചയിക്കപ്പെടുന്നത്. ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ വിനോദകേന്ദ്രങ്ങളിൽ നിന്നുമായി, ഏറ്റവും മികച്ച റേറ്റിങ്ങുള്ള ഒരു ശതമാനം വിനോദകേന്ദ്രങ്ങൾക്ക് മാത്രമാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് പുരസ്കാരം ലഭിക്കുന്നത്. ഷാർജ നഗരമധ്യത്തിൽ അൽ നൂർ മസ്ജിദിനോട് ചേർന്നാണ് അൽനൂർ ഐലൻഡ്. ദ്വീപിലെ കാഴ്ചകൾ കേരളത്തിലേതിന് സമാനമാണ്. കുട്ടികൾക്കായുള്ള കളിയിടം, നിരവധി കലാസൃഷ്ടികൾ, കഫേ തുടങ്ങിയവ ഇവിടെയുണ്ട്. ഷാർജ മെലീഹ മരുഭൂമിയിലുള്ള മെലീഹ ആർക്കിയോളജിക്കൽ സെന്റർ നാഷണൽ പാർക്കായി പ്രഖ്യാപിച്ചിരുന്നു. മ്യൂസിയത്തോടൊപ്പം ക്യാംപിങ്ങ്, ഡെസേർട്ട് സഫാരി, കുതിരസവാരി, വാനനിരീക്ഷണം, കുട്ടികൾക്കായുള്ള ശിൽപ്പശാലകൾ തുടങ്ങിയവ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. Read on deshabhimani.com