മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലുമുള്ള ബയോമെട്രിക് സേവനങ്ങൾ അവസാനിപ്പിക്കുന്നു
കുവൈത്ത് സിറ്റി > കുവൈത്തിൽ മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ആരംഭിച്ച ബയോമെട്രിക് സേവനങ്ങൾ ഒക്ടോബർ ഒന്ന് മുതൽ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. സഹൽ ആപ്പ് വഴി മുൻകൂർ അപ്പോയ്ന്റ്മെന്റ് നേടിയ ശേഷം രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള കേന്ദ്രങ്ങളിൽ നിന്നും നടപടി പൂർത്തിയാക്കാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു. ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിന് സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് സമയ പരിധി അനുവദിച്ചത്. എന്നാൽ സെപ്റ്റംബർ 30 വരെ 360, അവന്യൂസ്, അൽ കൂത്ത്, അൽ അസിമ മാളുകളിൽ മുൻ കൂർ അപ്പോയ്ന്റ്മെന്റ് കൂടാതെ ഈ സേവനം ഉണ്ടായിരിക്കും. സർക്കാർ അനുവദിച്ച സമയപരിധിക്കകം ബയോ മെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്ക് ഗവൺമെന്റ് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Read on deshabhimani.com