ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങി



മസ്കത്ത് >  ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങി. ഡിസംബർ ഏഴ് ഉച്ചക്ക് ഒരു മണിവരെ പത്രിക സ്വീകരിക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഇവ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 14ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാവും. ഡിസംബർ 26ന് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. സ്ഥാനാർഥികളുടെ അന്തിമ പട്ടിക ഡിസംബർ 27ന് പുറത്തുവിടും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ആവശ്യമായ യോഗ്യതകളും മാർഗ്ഗ നിർദ്ദേശങ്ങളും തെരഞ്ഞെടുപ്പ് നിയമാവലിയിൽ ഉണ്ട്. ജനുവരി 11ന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ഹാളിലാണ് തെരഞ്ഞെടുപ്പ്. കാലത്ത് എട്ട് മുതൽ വൈകുന്നേരം എട്ട് വരെയാണ് വോട്ടിംഗ് സമയം. അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും. സ്‌കൂൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പേർ മത്സര രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാമനിർദ്ദേശ പത്രിക ഫോം സ്വീകരിച്ചവരിലും വർധനവുണ്ടായതായാണ് അനൗദ്യോഗിക വിവരം. അതേസമയം, തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക കഴിഞ്ഞ ദിവസം സ്‌കൂൾ നോട്ടീസ് ബോർഡിൽ പട്ടിക പ്രസിദ്ധപ്പെടുത്തിയിരുന്നു. 5,125 രക്ഷിതാക്കൾക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്. വോട്ടർ പട്ടിക സംബന്ധിച്ച് പരാതിയുള്ളവർക്ക്  electioncommissionbod@gmail.com വഴി സമർപ്പിക്കാൻ സാധിക്കും. തിരഞ്ഞെടുപ്പ് സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുന്നതിനുള്ള വെബ്‌സൈറ്റും പ്രവർത്തന സജ്ജമാണ്. പാരന്റ് ഐ ഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത രക്ഷിതാക്കൾക്ക് പരിശോധിക്കാനാകും. ഇന്ത്യൻ സ്‌കൂളുകളിലെ പുസ്തക വിതരണം വൈകൽ, അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ, ഫീസ് വർധന, അധ്യാപകരുടെ കുറവ് നികത്താതിരിക്കൽ, മാനേജ്‌മെന്റ് തസ്തികകൾ ഒഴിഞ്ഞു കിടക്കൽ, അനുവദിച്ചതിലും അധികം കുട്ടികൾ ക്ലാസ് മുറികളിൽ പഠനം നടത്തൽ, ഇൻഫ്രാ സ്ട്രക്ചർ ഫീസ് പിൻവലിക്കാതിരിക്കൽ തുടങ്ങിയ വിഷയങ്ങളാകും ഇത്തവണ പ്രധാനമായും ഉയർന്നുവരിക. തിരഞ്ഞെടുപ്പ്  പ്രചരണത്തിന് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കിക്കാമെങ്കിലും എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്നതിൽനിന്നും വിട്ട് നിൽക്കണം.   Read on deshabhimani.com

Related News