ഖത്തര്‍ കെട്ടിടാപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി
മനാമ> ഖത്തർ തലസ്ഥാനമായ ദോഹയിൽ കെട്ടിടം തകർന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി. ശനിയാഴ്ച രാത്രി മലപ്പുറം പൊന്നാനി പൊലീസ് സ്റ്റേഷനു സമീപം സലഫി മസ്ജിദിനടുത്ത തച്ചാറിന്റെ വീട്ടിൽ അബു ടി മമ്മാദുട്ടി(45)യുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തു. കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ (38) മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി മണ്ണറയിലിൽ നൗഷാദ്(44), നിലമ്പൂർ സ്വദേശി പാറപ്പുറവൻ ഫൈസൽ (ഫൈസൽ കുപ്പായി–--48) എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ജാർഖണ്ഡ് സ്വദേശി ആരിഫ് അസീസ് മുഹമ്മദ് ഹസ്സൻ (26), ആന്ധ്രാപ്രദേശിലെ ചിരാൻപള്ളി സ്വദേശി ഷെയ്ഖ് അബ്ദുൽനബി ഷെയ്ഖ് ഹുസൈൻ (61) എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ. കെട്ടിടം തകർന്നതിനുശേഷം അബുവുമായി കുടുംബത്തിന് ബന്ധപ്പെടാനായിരുന്നില്ല. അച്ഛൻ: മമ്മാദൂട്ടി. മാതാവ്: ആമിന. ഭാര്യ: രഹ്ന. മക്കൾ: റിഥാൻ, റിനാൻ. അഷ്‌റഫിനെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഭാര്യ ഇർഫാന. ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്. ദോഹ ബി-റിങ് റോഡിലെ ലുലു എക്‌സ്‌പ്രസിന് സമീപം മൻസൂറയിലെ ബിൻ ദിർഹാം ഏരിയയിലെ നാലുനില കെട്ടിടമാണ് ബുധൻ രാവിലെ എട്ടരയോടെ തകർന്നത്. Read on deshabhimani.com