ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ മാറ്റം; ജനുവരി 18ന് തെരഞ്ഞെടുപ്പ് നടക്കും
മസ്‌കത്ത് > ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തി ഇലക്ഷൻ കമീഷൻ. ജനുവരി 18ന് ആണ് പുതുക്കിയ തീയതി. ജനുവരി എട്ട് മുതൽ 10 വരെ തീയതികളിൽ പ്രവാസി ഭാരതീയ ദിവസ് നടക്കുന്ന പശ്ചാത്തലത്തിൽ മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ കൂടി നിർദേശപ്രകാരമാണ് തീയതി പുതുക്കി നിശ്ചയിച്ചിരിക്കുന്നതെന്നും മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ രക്ഷിതാക്കൾക്ക് കമീഷൻ അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു തീയിതകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബർ 14 ഉച്ചക്ക് ഒരു മണിവരെ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഇവ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 21ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാവും. ജനുവരി രണ്ട് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. ജനുവരി മൂന്നിന് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പുറത്തുവിടും. തെരഞ്ഞെടുപ്പ് നടക്കുന്ന 18ന് വൈകീട്ട് തന്നെ ഫലവും പ്രഖ്യാപിക്കും. റീ കൗണ്ടിംഗ് ആവശ്യപ്പെടുന്ന സ്ഥാനാർഥികൾ 19ന് തന്നെ അപേക്ഷ സമർപ്പിക്കണം. 22ന് തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടിക ചെയർമാന് കൈമാറുമെന്നും ഇലക്ഷൻ കമീഷൻ സർക്കുലറിൽ അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ പേർ മത്സര രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർഥിയാകാൻ കച്ചകെട്ടി നിരവധി രക്ഷിതാക്കൾ ഇതിനോടകം തന്നെ പ്രചരണ പ്രവർത്തനങ്ങളും മറ്റും വ്യത്യസ്ത രീതികളിലൂടെ ആരംഭിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രിക ഫോം സ്വീകരിച്ചവരിലും വർധനവുണ്ടായതായാണ് അനൗദ്യോഗിക വിവരം. അതേസമയം, തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക കഴിഞ്ഞ ദിവസം സ്‌കൂൾ നോട്ടീസ് ബോർഡിൽ പട്ടിക പ്രസിദ്ധപ്പെടുത്തിയിരുന്നു. 5,125 രക്ഷിതാക്കൾക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്. വോട്ടർ പട്ടിക സംബന്ധിച്ച് പരാതിയുള്ളവർക്ക് electioncommissionbod@gmail.com വഴി സമർപ്പിക്കാൻ സാധിക്കും. തെരഞ്ഞെടുപ്പ് സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുന്നതിനുള്ള വെബ്‌സൈറ്റും പ്രവർത്തന സജ്ജമാണ്. Read on deshabhimani.com