കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റ് - നാബ് റെന്റ് എ കാർ ജേതാക്കൾ



മസ്കത്ത് > കല മസ്കറ്റ് സംഘടിപ്പിച്ച കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ നാബ് റെന്റ് എ കാർ ജേതാക്കളായി. മസ്‌കറ്റിലെ അൽ ഹെയിൽ ക്രിക്കറ്റ് ക്ലബ്ബിൽ വെച്ച് നടന്ന ആവേശകരമായ മത്സരത്തിൽ ലൈക്ക സ്വിച്ച്ഗിയർ ആണ് റണ്ണേഴ്‌സ് ആയത്. ഒമാനിലെ പ്രശസ്തരായ എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.സാമൂഹ്യ പ്രവർത്തകനായ അനു ചന്ദ്രൻ  മത്സര വിജയികൾക്ക് ട്രോഫി കൈമാറി. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ഒമാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ്  കുമാർ കൈമാറി. രാവിലെ ഏഴു മണിക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി 10 മണിയോടെ അവസാനിച്ചു. ജേതാക്കൾക്ക് പുറമെ നിരവധി വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്തു. ടൂർണമെന്റിലെ മികച്ച ബൗളറായി റാഷിദിനെയും (ലൈക്ക സ്വിച്ച്‍ഗീയർ), മികച്ച ബാറ്റിസ്മാൻ  ആയി വാസിം  അബ്ദുൾ കരീമിനെയും (നാബ് റെന്റ് എ കാർ)  ടൂർണമെന്റിലെ മാന് ഓഫ് ദി സീരീസ് ആയി  വാസിം  അബ്ദുൾ കരീമിനെയും (നാബ് റെന്റ് എ കാർ)   തിരഞ്ഞെടുത്തു. ഫ്രണ്ടി മൊബൈൽ ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ. ഒമാനിലെ കല സാംസ്കാരിക കായിക മേഖലയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയായ കല മസ്കറ്റ് ഇതിനു മുൻപ് സംഘടിപ്പിച്ച കേരളീയം എന്ന പരിപാടി വൻ ജനശ്രദ്ധ നേടിയിരുന്നു. ഇത്തരം ഉയർന്ന വിലവാരം പുലർത്തുന്നതും  വൈവിധ്യമാർന്നതുമായ  പരിപാടികളുമായി ഇനിയും കല മസ്കറ്റ് മുൻപോട്ടു വരുമെന്ന് ഭാരവാഹികളായ നിഷാന്ത്, അഭിലാഷ്, അരുൺ, പ്രമോദ്, നിസാർ, മിഥുൻ, അനസ് എന്നിവർ അറിയിച്ചു.   Read on deshabhimani.com

Related News