തീവ്രവാദത്തിനെതിരെ രാജ്യങ്ങൾ ഒന്നിക്കണം: കുവൈത്ത് കിരീടാവകാശി



കുവൈത്ത് സിറ്റി > തീവ്രവാദത്തെ അതിന്റെ എല്ലാ രൂപത്തിലും ചെറുക്കാനും ഈ മേഖലയിലെ പ്രാദേശികവും അന്തർദേശീയവുമായ നീക്കങ്ങൾക്ക് പിന്തുണ നൽകാനും കുവൈത്ത് ആഗ്രഹിക്കുന്നതായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് വ്യക്തമാക്കി. കുവൈത്തിൽ നടക്കുന്ന നാലാമത് ദ്വിദിന ‘ദുഷാൻബെ’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ സഹകരണം ശക്തിപ്പെടുത്തൽ ചടുലമായ അതിർത്തി സുരക്ഷ സംവിധാനങ്ങൾ കെട്ടിപ്പടുക്കൽ ദുഷാൻബെ പ്രക്രിയയുടെ കുവൈത്ത് ഘട്ടം’ എന്ന തലക്കെട്ടിൽ നടന്ന  സമ്മേളനത്തിൽ തജികിസ്താൻ പ്രസിഡൻറ് ഇമോമാലി റഹ്‌മോൻ, യു എൻ ഒ സി ടി  അണ്ടർ സെക്രട്ടറി ജനറൽ വ്ലാഡിമിർ വോറോൻകോവ്, അംഗരാജ്യങ്ങളിൽ നിന്നുള്ള 33 മന്ത്രിമാർ എന്നിവർ ഉൾപ്പെടെ 450ലധികം പേർ  പങ്കെടുക്കുന്നുണ്ട്. തീവ്രവാദം എല്ലാ തലത്തിലും ഹാനികരമാണ്. തീവ്രവാദ സംഘടനകളിലൂടെയും സംഘടിത ക്രൈം സിൻഡിക്കേറ്റുകളിലൂടെയും തങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ചിലർ ശ്രമിക്കുന്നു. ഇതിന് ആധുനിക ടെക്‌നോളജിയും സാമ്പത്തികവും ഉപയോഗിക്കുന്നു.ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും കിരീടാവകാശി സൂചിപ്പിച്ചു. തീവ്രവാദത്തെയും അതിലേക്ക് നയിക്കുന്ന എല്ലാത്തിനെയും നേരിടാൻ ലോകം ഭിന്നതകൾ മാറ്റിവെച്ച് ഒന്നിക്കണം. തീവ്രവാദത്തെ തടയുന്നതിന് അന്താരാഷ്ട്ര നിയമങ്ങൾ സംരക്ഷിക്കേണ്ടതിൻറെയും മനുഷ്യാവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെയും പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെ അവക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കി തടയണം. ഭരണകൂട ഭീകരതയും അപകടകരമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മനുഷ്യക്കടത്ത്, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയവ തടയുന്നതിന് അതിർത്തി സുരക്ഷ പ്രധാനമാണെന്നും കിരീടാവകാശി പറഞ്ഞു. തീവ്രവാദത്തെയും കുറ്റകൃത്യങ്ങളെയും പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിൻറെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. Read on deshabhimani.com

Related News