പതിനഞ്ചാം വാർഷികാഘോഷ നിറവിൽ ദുബായ് മെട്രോ
ദുബായ് > ദുബായ് മെട്രോ 15-ാം വാർഷികാഘോഷ നിറവിൽ. 2.4 ബില്യണിലധികം യാത്രക്കാരെയാണ് മെട്രോ ഇതുവരെ സ്വീകരിച്ചത്. പ്രതിദിനം ശരാശരി 730,000 യാത്രക്കാർ മെട്രോയിൽ സഞ്ചരിക്കുന്നുണ്ട്. 2009 സെപ്തംബർ 9 ന് ഉദ്ഘാടനം ചെയ്തതു മുതൽ ദുബായ് മെട്രോ തുടർച്ചയായ വിജയ ട്രാക്ക് റെക്കോർഡ് നിലനിർത്തിയെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. മെട്രോ ശൃംഖല ഗണ്യമായി വികസിക്കുകയും ലൈനുകളുടെ നീളം 52 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി വർദ്ധിക്കുകയും ചെയ്തു. സ്റ്റേഷനുകളുടെ എണ്ണം 10 ൽ നിന്ന് 53 ആയി വർദ്ധിച്ചു. ട്രെയിനുകളുടെ എണ്ണം 79 ൽ നിന്ന് 129 ആയി ഉയർന്നതായും അദ്ദേഹം പറഞ്ഞു. പ്രതിദിന യാത്രക്കാരുടെ എണ്ണം 2009 സെപ്റ്റംബർ 10-ന് 20,000 ആയിരുന്നത് 2024 സെപ്റ്റംബർ 3-ന് 767,000 ആയി ഉയർന്നു. പുതുവത്സരാഘോഷം, പ്രധാന അവധി ദിവസങ്ങൾ എന്നിങ്ങനെയുള്ള ചില ദിവസങ്ങളിൽ ഒരു ദിവസം 900,000 യാത്രക്കാർ വരെ സഞ്ചരിച്ചു. പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമായി 2023 നവംബറിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് മെട്രോ ബ്ലൂ ലൈനിൻ്റെ റൂട്ടിന് അംഗീകാരം നൽകി. Read on deshabhimani.com