മെട്രോ ബ്ലൂ ലൈൻ നിർമാണം ഉടൻ ആരംഭിക്കുന്നു; 2029 സെപ്തംബറിൽ കമീഷൻ ചെയ്യും



ദുബായ് > ദുബായ് മെട്രോ കൂടുതൽ പ്രദേശങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലൂ ലൈൻ പാത 2029 സെപ്റ്റംബർ 9 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആർടിഎ അറിയിച്ചു. 30 കിലോമീറ്റർ പദ്ധതി 14 സ്റ്റേഷനുകളിലൂടെ എമിറേറ്റിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കും. പദ്ധതിയുടെ പ്രവർത്തനങ്ങൾ 2025 ഏപ്രിലിൽ ആരംഭിക്കും. വിവിധ ഘട്ടങ്ങളിലായാണ് നിർമാണം പൂർത്തിയാക്കുക. ഗ്രീൻ ലൈനിലെ ക്രീക്ക് സ്റ്റേഷൻ, റെഡ് ലൈനിലെ സെന്റർപോയിന്റ് സ്റ്റേഷൻ, ദുബായ് ഇന്റർനാഷണൽ സിറ്റി സ്റ്റേഷൻ 1, ദുബായ് ക്രീക്ക് ഹാർബർ തുടങ്ങി പ്രധാന ഇന്റർചേഞ്ച് പോയിന്റുകൾ ഉൾപ്പെടെ 14 സ്റ്റേഷനുകളാണ് ബ്ലൂ ലൈനിൽ ഒരുക്കുക. നഗരത്തിന്റെ ഗതാഗത ശൃംഖലയുടെ നിലവിലുള്ള വികസനത്തിലെ സുപ്രധാന ഘടകമായി ഇത് മാറും. ബ്ലൂ ലൈൻ ദുബായ് ഇന്റർനാഷണൽ എയർപോർട്ടും മിർദിഫ്, അൽ വർഖ, ഇന്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ എന്നീ ഒമ്പത് പ്രധാന മേഖലകളും തമ്മിൽ നേരിട്ട് കണക്ഷൻ നൽകും. ദുബായ് മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകൾ തമ്മിലുള്ള പ്രധാന സംയോജന പോയിന്റായി പുതിയ പാത മാറും. പദ്ധതിയുടെ നിർമാണത്തിന് മൂന്ന് പ്രമുഖ തുർക്കി, ചൈനീസ് കമ്പനികളുടെ കൺസോർഷ്യത്തിന് 20.5 ബില്യൺ ദിർഹം മൂല്യമുള്ള കരാറുകൾ നൽകിയതായി ആർടിഎ അറിയിച്ചു. ആഗോള ടെൻഡറിൽ മത്സരിച്ച 15 കമ്പനികളിൽ നിന്നാണ് തുർക്കിയിലെ മാപാ, ലിമാക്, ചൈനയിലെ സിആർആർസി എന്നീ 3 കമ്പനികളുടെ കൺസോർഷ്യത്തെ തെരഞ്ഞെടുത്തത്. നിർമാണ പ്രവൃത്തികൾ തുർക്കി കമ്പനികൾക്കും ട്രെയിനും റെയിൽവേ സംവിധാനങ്ങളും സ്ഥാപിക്കുന്നതിന്റെ ചുമതല ചൈനീസ് കമ്പനിക്കുമാണ്. രാജ്യാന്തര തലത്തിൽ ഈ കമ്പനികൾ നേതൃത്വം നൽകിയ പദ്ധതികളുടെ വിജയമാണ് ബ്ലൂലൈൻ കരാർ ഇവർക്കു നൽകുന്നതിനു കാരണമായതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽതായർ പറഞ്ഞു. കമ്പനികളുടെ കൺസോർഷ്യം സമർപ്പിച്ച സംയോജിത പദ്ധതി രേഖ മികച്ചതാണെന്നും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്നും അൽ തായർ പറഞ്ഞു. മിഡിൽ ഈസ്റ്റ് മേഖലയിൽ നടപ്പാക്കുന്ന ഏറ്റവും മികച്ച പദ്ധതികളിലൊന്നായിരിക്കും ഇതെന്ന് ആർടിഎ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴയും വെള്ളപ്പൊക്കവും കാരണം സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നഗരത്തിൽ 14 സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ, ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ദുബായ് സർക്കാർ ദുബായ് മുനിസിപ്പാലിറ്റിക്കും ആർടിഎയ്ക്കും 1.5 ബില്യൺ ദിർഹം അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഏതാണ്ട് 90 ശതമാനം ജോലികളും പൂർത്തിയായി. കഴിഞ്ഞ തവണ വെള്ളപ്പൊക്കമുണ്ടായ 14 സ്ഥലങ്ങളിൽ ഇത് വീണ്ടും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് മെട്രോ പ്രവർത്തനം തുടങ്ങി 15 വർഷം തികയുന്ന വേളയിലാണ് കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതിയ ലൈൻ പ്രഖ്യാപിച്ചത്. 09.09.09ന് ആയിരുന്നു ദുബായ് മെട്രോ സർവീസ് ആരംഭിച്ചത്. സമാനമായ തീയതി തന്നെയാണ് ബ്ലൂ ലൈനിന്റെ ഉദ്ഘാടനത്തിനും തിരഞ്ഞെടുത്തത്. ദുബായ് മെട്രോയുടെ 20ാം പിറന്നാളിനാണ് മെട്രോയുടെ പുതിയ ബ്ലൂലൈൻ സർവീസ് ആരംഭിക്കുക. Read on deshabhimani.com

Related News