ഇലക്ട്രിക് അബ്ര പരീക്ഷണവുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി



ദുബായ് >  3 ഡി പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് അബ്ര പരീക്ഷണവുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. സ്വകാര്യ മേഖലയുമായി സഹകരിച്ച് 20 പേർക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് ഇലക്ട്രിക് അബ്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്. അബ്രയുടെ നിർമ്മാണ സമയം 90 ശതമാനം കുറയ്ക്കാനും നിർമ്മാണ ചെലവ് 30 ശതമാനം കുറയ്ക്കാനും ഓപ്പറേഷൻ, മെയിൻ്റനൻസ് ചെലവുകൾ 30 ശതമാനം കുറയ്ക്കാനും ആർടിഎ ലക്ഷ്യമിടുന്നു. സമുദ്രഗതാഗത സേവനങ്ങൾ വർധിപ്പിക്കാനുള്ള ആർടിഎയുടെ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണിതെന്ന് ആർടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മാറ്റർ അൽ തായർ പറഞ്ഞു. 11 മീറ്റർ നീളവും 3.1 മീറ്റർ വീതിയുമുള്ള, 3D പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ഏറ്റവും ദൈർഘ്യമേറിയ മോണോകോക്ക് ഘടന ഉൾപ്പെടെ നിരവധി സാങ്കേതിക ഉപകരണങ്ങളുമായാണ് അബ്ര യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. രണ്ട് 10 കിലോവാട്ട് മോട്ടോറുകളും ലിഥിയം ബാറ്ററികളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനം അബ്രയിൽ ഉണ്ടെന്നു അധികൃതർ അറിയിച്ചു. ട്രയൽ ബേസിൽ TR6 ലൈനിലെ ഷെയ്ഖ് സായിദ് റോഡ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനിലാണ് അബ്ര പ്രവർത്തിക്കുക. ദുബായ് ക്രീക്കിലെ പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി കൂടി ആർടിഎ നടത്തുന്നുണ്ട്. നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകൾ മെച്ചപ്പെടുത്താനാണ് ആർ ടി എ യുടെ ലക്ഷ്യം. Read on deshabhimani.com

Related News