ഫോക്ക് - കുവൈത്ത് കണ്ണൂർ മഹോത്സവം 2024 നവംബർ 8ന്



കുവൈത്ത് സിറ്റി > കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പത്തൊമ്പതാമത് വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2024 നവംബർ 8 നു വൈകുന്നേരം മൂന്നു മണി മുതൽ അഹമ്മദി ഡിപിഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും. പത്താം ക്ലാസ്, പ്ലസ് ടു ഉന്നത വിജയം നേടിയ ഫോക്ക്‌ മെമ്പർമാരുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡ് വിതരണം, പതിനേഴാമത് ഗോൾഡൻ ഫോക്ക് അവാർഡ് വിതരണം എന്നിവ ഉൾപ്പെടുന്ന സാംസ്‌കാരിക പരിപാടി നടക്കും. പ്രശസ്ത സിനിമ പിന്നണി ഗായിക ജ്യോത്സ്ന , ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ശ്രീനാഥ്, വയലിനിസ്റ്റ് മാളവിക, സിങ്ങർ & പെർഫോർമർ ഭാഗ്യരാജ് എന്നിവർ ചേർന്ന് നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. വിവിധ മേഖലകളിലെ സ്തുത്യർഹ സേവനങ്ങൾക്ക് നൽകുന്ന ഗോൾഡൻ ഫോക് അവാർഡിന് കുവൈത്തിലെ ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ മുസ്‌തഫ ഹംസ ( ഹംസ പയ്യന്നൂർ) അർഹനായി. ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ/ സംരംഭക എന്ന മേഖലയാണ് അവാർഡിനായി പരിഗണിച്ചത്. ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. നവംബർ എട്ടിന് കുവൈത്തിൽ നടക്കുന്ന ഫോക്കിന്റെ പത്തൊൻപതാമത് വാർഷികാഘോഷം, കണ്ണൂർ മഹോത്സവം 2024, വേദിയിൽ അവാർഡ് കൈമാറും.   ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ  സുമിത നായർ  എന്നിവർ അംഗങ്ങളായ ജൂറിയാണ്  മുസ്‌തഫ ഹംസയെ തെരഞ്ഞെടുത്തത്. ഫഹാഹീൽ കാലിക്കറ്റ്‌ ലൈവ് റെസ്റ്ററന്റിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോജ്, ട്രഷറർ സാബു ടി വി,ഗോൾഡൻ ഫോക് അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ,  വനിതാ വേദി ചെയർ പേഴ്സൺ ഷംന വിനോജ് എന്നിവർ  പങ്കെടുത്തു. Read on deshabhimani.com

Related News