ഇന്റർനാഷണൽ ഡേറ്റ്‌സ് ആൻഡ് ഹണി എക്‌സിബിഷന്റെ രണ്ടാം പതിപ്പിന് തുടക്കമായി
മസ്‌കത്ത് > 'ഇന്റർനാഷണൽ ഡേറ്റ്‌സ് ആൻഡ് ഹണി എക്‌സിബിഷന്റെ' രണ്ടാം പതിപ്പിന് ഞായറാഴ്ച ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ തുടക്കമായി. ഈന്തപ്പഴം, തേൻ എന്നീ മേഖലകളിലെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുക, വാണിജ്യ സാധ്യതകൾ വികസിപ്പിക്കുക, പങ്കെടുക്കുന്ന രാജ്യങ്ങളെയും പ്രദർശകരെയും ആസ്വാദകരെയും ഒമാനിൽ ലഭ്യമായ ഈന്തപ്പഴങ്ങളുടെയും തേൻ ഉൽപന്നങ്ങളുടെയും ഗുണനിലവാരത്തെക്കുറിച്ച് ബോധവൽക്കരിക്കുക എന്നിവയാണ് പ്രദർശനം കൊണ്ട് ലക്ഷ്യമിടുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന എക്‌സിബിഷൻ ഒക്‌ടോബർ 26-ന് അവസാനിക്കും. 35-ലധികം രാജ്യങ്ങൾ എക്‌സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ.സൗദ് ഹമൂദ് അൽ ഹബ്സിയുടെ നേതൃത്വത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസ പ്രദർശനത്തിൽ 167 പ്രാദേശിക കമ്പനികളും തേനും ഈന്തപ്പഴവും ഉത്പാദിപ്പിക്കുന്ന 71 അന്താരാഷ്‌ട്ര കമ്പനികളും ഈന്തപ്പഴത്തിലും തേൻ ഉൽപന്നങ്ങളിലും വിദഗ്ധരായ പാക്കേജിംഗ് കമ്പനികളും ഭക്ഷ്യ സംസ്‌കരണ കമ്പനികളും പങ്കെടുക്കുന്നുണ്ട്. ഈത്തപ്പഴം, തേൻ ഉൽപന്നങ്ങൾ എന്നിവയുടെ മേഖലയിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ ആധുനിക സാങ്കേതിക ആപ്ലിക്കേഷനുകൾ, വാണിജ്യ കമ്പനികൾ വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം, ഈ മേഖലയിലെ നിക്ഷേപ അവസരങ്ങൾ എന്നിവ പ്രദർശനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ജിസിസി സംസ്ഥാനങ്ങളും മറ്റ് അറബ് രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുക, അന്താരാഷ്‌ട്ര ബന്ധങ്ങൾ വർധിപ്പിക്കുക, ഉൽപ്പാദന സംവിധാനങ്ങൾ വികസിപ്പിക്കുക, ആഗോള വൈദഗ്ധ്യത്തിൽ നിന്ന് പ്രയോജനം നേടുക, പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ഈ ഉൽപ്പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്നിവയും പ്രദർശനം ലക്ഷ്യമിടുന്നു. Read on deshabhimani.com