മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കേളി അനുശോചനം രേഖപ്പെടുത്തി



റിയാദ്  > മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ കേളി കലാ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. ഭരണഘടനയോട് കൂറും  ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത്തിലും  പ്രധാനമന്ത്രിയായിരിക്കെ ഡോ. മൻമോഹൻ സിംഗ് മികവ് പുലർത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി , വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ  സുപ്രധാന നിയമനിർമാണങ്ങള്‍  നടപ്പാക്കിയത് ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ്. റിസർവ് ബാങ്ക് ഗവർണറും, 1991 മുതൽ 2024 വരെ 6 തവണ രാജ്യ സഭാ അംഗവുമായിരുന്ന അദ്ദേഹം ചുരുങ്ങിയ സമയമാണെങ്കിലും വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത വേളയിൽ രാജ്യത്തിന്റെ അന്തർദ്ദേശീയ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ ശ്രദ്ധിച്ചു.  ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിരവധി  പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്‌. ആഗോളവൽക്കരണണത്തിനും ഉദാരവൽക്കരണത്തിനും വാതിൽ തുറന്നു കൊടുത്ത അദ്ദേഹത്തിൻ്റെ  കാലഘട്ടത്തിൽ ഇടതു പക്ഷ എതിർപ്പുകളെ ജനാതിപത്യ മര്യാദയിൽ പ്രതികരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചതായും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മൻമോഹൻ സിംങിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും  ദു:ഖത്തിൽ പങ്കു ചേരുന്നതായും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News