സൗത്ത് ശർഖിയയിൽ പുതിയ ആശുപത്രിക്ക് തറക്കല്ലിട്ടു
ജലാൻ ബാനി ബു അലി > സൗത്ത് ശർഖിയ ഗവർണറേറ്റിലെ 'അൽ-ഫലാഹ് ഹോസ്പിറ്റൽ'ലിന് ആരോഗ്യ മന്ത്രാലയം തറക്കല്ലിട്ടു. പദ്ധതിക്കായി 51,861,148 ഒമാൻ റിയാൽ ആണ് ചിലവ് പ്രതീക്ഷിക്കുന്നത്. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്‌സിയുടെ മേൽനോട്ടത്തിൽ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അലി അൽ-സബ്തിയുടെ സാന്നിധ്യത്തിലായിരുന്നു തറക്കല്ലിടൽ ചടങ്ങ് നടന്നത്. ആശുപത്രിക്ക് അകത്തും പുറത്തും സുരക്ഷിതമായതും തടസ്സമില്ലാത്തതുമായ നടപ്പാതകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ആശുപത്രിയുടെ വിവിധ വകുപ്പുകളിലുടനീളം എളുപ്പത്തിൽ പ്രവേശനവും നാവിഗേഷനും ഉറപ്പാക്കുന്നു. അൽ ഫലാഹ് ഹോസ്പിറ്റൽ 343,000 ചതുരശ്ര മീറ്റർ സ്ഥലത്തും 58,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുമാണ് നിർമ്മിക്കുന്നത് എന്നതാണ് പ്രത്യേകത. ആശുപത്രിക്ക് 170 കിടക്കകളും 38 ഔട്ട്‌പേഷ്യൻ്റ് ക്ലിനിക്കുകളും വിവിധ മെഡിക്കൽ സ്പെഷ്യാലിറ്റികൾ ചേർന്നതാണ് ആശുപത്രി. ഒപ്പം അത്യാഹിത, ട്രോമ വിഭാഗവുമുണ്ട്. റേഡിയോളജി വിഭാഗത്തിൽ എംആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട് എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ ഇമേജിംഗ് സാങ്കേതികവിദ്യകൾ സജ്ജീകരിക്കും. ശസ്ത്രക്രിയയ്ക്കും ഇൻ്റേണൽ മെഡിസിനും വേണ്ടിയുള്ള ഇൻപേഷ്യൻ്റ് വാർഡുകൾക്ക് പുറമെ നെഫ്രോളജി യൂണിറ്റ്, ഡേ കെയർ യൂണിറ്റ്, ഡെൻ്റൽ ക്ലിനിക്ക് എന്നിവയും ആശുപത്രിയുടെ സവിശേഷതയാണ്. എൻഡോസ്കോപ്പിക് സർജറികൾക്കുള്ള സൗകര്യങ്ങൾക്കൊപ്പം ശസ്ത്രക്രിയാ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി രൂപകല്പന ചെയ്ത പൂർണ്ണ സജ്ജമായ മൂന്ന് ഓപ്പറേഷൻ റൂമുകളും പദ്ധതിയിൽ ഉൾപ്പെടും. പ്രസവചികിത്സ, ഗൈനക്കോളജി, പീഡിയാട്രിക് യൂണിറ്റ്, പീഡിയാട്രിക് വാർഡ്, തീവ്രപരിചരണ വിഭാഗം, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി വാർഡ്, ഡെലിവറി വിഭാഗം, നവജാത ശിശു സംരക്ഷണ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ആശുപത്രി. രോഗനിർണ്ണയ പരിശോധനയ്ക്കായി അത്യാധുനിക ഉപകരണങ്ങളുമായി സജ്ജീകരിച്ച ഒരു നൂതന ലബോറട്ടറി ആശുപത്രിയിൽ പ്രവർത്തിക്കും. പൊതു സൗകര്യങ്ങൾ, മെഡിക്കൽ സ്റ്റാഫുകൾക്കുള്ള താമസസൗകര്യം, മെയിൻ്റനൻസ്, മെഡിക്കൽ എക്യുപ്‌മെൻ്റ് എഞ്ചിനീയർമാർക്കുള്ള വർക്ക്‌ഷോപ്പുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, സേവന കെട്ടിടങ്ങൾ എന്നിവ പദ്ധതിയുടെ അധിക ഘടകങ്ങളിൽ ഉൾപ്പെടുന്നു. മെഡിക്കൽ സപ്ലൈകൾക്കായി മൂന്ന് സംഭരണ സൗകര്യങ്ങൾ, ഒരു പൊതു സംഭരണശാല, തീപിടിക്കുന്ന വസ്തുക്കൾക്കുള്ള പ്രത്യേക വെയർഹൗസ് എന്നിവയും ആശുപത്രിയിലുണ്ടാകും. ഒരു ജലശുദ്ധീകരണ പ്ലാൻ്റ്, ബാക്കപ്പ് ജനറേറ്ററുകൾ, കുടിവെള്ള ശുദ്ധീകരണ സംവിധാനങ്ങൾ, പൂർണ്ണമായും സംയോജിത മെഡിക്കൽ ഗ്യാസ് കെട്ടിടം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സൗകര്യത്തിൽ 1,422 പാർക്കിംഗ് സ്ഥലങ്ങളും മറ്റ് വിവിധ പൊതു സേവനങ്ങളും സൗകര്യങ്ങളും ഉൾപ്പെടും. Read on deshabhimani.com