ഗൾഫ് എയർ ബാഗേജ് പരിധി വെട്ടികുറച്ചു; കേരളത്തിലേക്കുളള സർവീസ് കുറച്ചു
മനാമ > കേരളത്തിലേക്കുള്ള പ്രതിദിന വിമാന സർവീസിൽ ഗൾഫ് എയർ മാറ്റം വരുത്തി. നവംബർ മുതൽ ആഴ്ചയിൽ നാലുദിവസം മാത്രമായിരിക്കും സർവീസ്. ബഹ്‌റൈനിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചും ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടാകുക. കോഴിക്കോട്ടേക്കുള്ള സർവീസ് ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇതോടൊപ്പം യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിലും മാറ്റം വരുത്തി. ഇക്കണോമി ക്ലാസിൽ നിലവിൽ 23 കിലോ വീതം വരുന്ന രണ്ട് ബാഗേജായി 46 കിലോവരെയാണ് അനുവദിക്കുന്നത്. കൂടാതെ ആറ് കിലോ കാബിൻ ബാഗേജും അനുവദിക്കുന്നുണ്ട്. ഇതിനെ ടിക്കറ്റ് നിരക്കിന്റെ അടിസ്ഥാനത്തിൽ 35 കിലോ മുതൽ 25 കിലോവരെയായി കുറച്ചു. പുതുക്കിയ ബാഗേജ് നയം ഒക്ടോബർ 27 ന് പ്രാബല്യത്തിൽ വരുമെന്ന് ഗൾഫ് എയർ സൈറ്റിൽ അറിയിച്ചു. ഒക്‌ടോബർ 27നോ അതിനുമുൻപോ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പഴയ ബാഗേജ് അലവൻസ് ലഭിക്കും. ഇക്കണോമി ക്ലാസിൽ മൂന്ന് വിഭാഗങ്ങളായാണ് ബാഗേജ് അനുവദിച്ചത്. ഇക്കോണമി ലൈറ്റിൽ 25 കിലോ, സ്മാർട്ടിൽ 30 കിലോഗ്രാം ഇക്കോണമി ഫ്‌ളെക്‌സ് 35 കിലോ എന്നിങ്ങനെയാണ് അനുവദിച്ച പരിധി. ബിസിനസ് ക്ലാസിൽ ബിസിനസ് സ്മാർട്ടിൽ 40 കിലോ, ബിസിനസ് ഫ്‌ളെക്‌സിൽ 50 കിലോ ബാഗേജുമാണ് അനുവദിക്കുകയെന്നും ട്രാവൽസുകൾക്ക് നൽകിയ സർക്കുലറിൽ അറിയിച്ചു. അനുവദിച്ച തൂക്ക പരിധിയിൽ പരമാവധി 5 ബാഗുകൾ യാത്രക്കാർക്ക് കൊണ്ട് പോകാം. ഓരോ ബാഗുകളും മൊത്തം അളവിൽ 158 സെന്റിമീറ്ററിൽ കവിയാൻ പാടില്ല. കുട്ടികൾക്ക് 10 കിലോയും സ്‌ട്രോളറും കാർ സീറ്റും അനുവദിച്ചിട്ടുണ്ട്. 50 ഇഞ്ച് വരെ ടിവികൾ ശരിയായി പായ്ക്ക് ചെയ്താൽ സ്വീകരിക്കും. വലിയ ടിവികൾ ചരക്കായി അയക്കും. ഒരു ലഗേജും 32 കിലോയിൽ കൂടാൻ പാടില്ല.അമിത ഭാരമുള്ള ബാഗേജിന് അധിക ഫീസ് ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. നിലവിലെ രണ്ട് ബാഗുകൾ എന്നത് മാറ്റി ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബാഗേജ് നയം. ഗൾഫ എയറിന്റെ എല്ലാ സർവീസുകളിലും ഇത് ബാധകമായിരിക്കും. Read on deshabhimani.com