ഹൃദയപൂർവം കേളി; രണ്ട് വർഷംകൊണ്ട് വിതരണം ചെയ്തത് 55000 പൊതിച്ചോറുകൾ



റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ ‘ഹൃദയപൂർവം കേളി' പദ്ധതി രണ്ടു വർഷം പൂർത്തിയാകുന്നു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി അടുത്ത സമ്മേളന കാലയളവിനുള്ളിൽ കേരളത്തിലങ്ങോളമിങ്ങോളം ഒരുലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുക എന്നതായിരുന്നു സംഘടന എടുത്ത തീരുമാനം. 2022 സെപ്തംബർ മാസം തുടങ്ങി 2024 ആഗസ്ത്‌ മാസം വരെയുള്ള രണ്ടു വർഷംകൊണ്ട് കേരളത്തിൽ 55000 പേർക്ക് അന്നമൂട്ടാൻ ഈ പദ്ധതിയിലൂടെ സാധിച്ചു. കേളി അംഗങ്ങളുടെയും അല്ലാത്തവരുടെയും വിശേഷ ദിവസങ്ങൾ, ഓർമ ദിനങ്ങൾ, ആഘോഷ ദിനങ്ങൾ, തുടങ്ങീ ഓരോരുത്തരുടെ വ്യക്തി ജീവിതത്തിലെ അസുലഭ നിമിഷങ്ങളെ മറ്റുള്ളവർക്ക്  കൈതാങ്ങാക്കി മാറ്റുവാൻ വേണ്ടി കൂടിയാണ് ഈ പദ്ധതിക്ക് കേളി തുടക്കം കുറിച്ചത്. കേളി അംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും നല്ല പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്.  2025 ജൂലൈയോട് കൂടി പദ്ധതി പൂർത്തിയാക്കുമെന്ന് സെക്രട്ടറി സുരേഷ് കണ്ണപുരം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടം പി ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ (ശാന്തി സ്പെഷ്യൽ സ്കൂ‌ൾ)ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികൾക്ക് 15 ദിവസത്തേക്ക് ഭക്ഷണം നൽകുന്നത്തിനുള്ള ധാരണ പത്രം മത്സ്യതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ കൈമാറി. വെട്ടം ശാന്തി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി നാസർ അധ്യക്ഷനായി. 'ഹൃദയപൂർവ്വം കേളി' പദ്ധതിയിലൂടെ രണ്ടാം തവണയാണ് ശാന്തി സ്കൂളിന് കേളി സഹായം നൽകുന്നത്. 120ൽ പരം കുട്ടികൾ പഠിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തിൽ 7 ദിവത്തെ ഭക്ഷണമായിരുന്നു നൽകിയിരുന്നത്. കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, സ്കൂൾ ട്രസ്റ്റ് ബോർഡ് അംഗം ഒ കെ എസ് മേനോൻ, കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് സി പി റസാഖ് എന്നിവർ സംസാരിച്ചു. സ്കൂൾ ചെയർമാൻ കൃഷ്ണൻ സ്വാഗതവും പ്രധാന അധ്യാപിക ശ്രീലത നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News