ഇന്ത്യന്‍ സ്‌കൂള്‍ ഫെയര്‍ 19, 20 തിയതികളില്‍
മനാമ > ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക സാംസ്‌കാരിക മേള ഐഎസ്ബി ഫെയര്‍ ഈ മാസം 19, 20 തീയതികളില്‍ ഇസ ടൗണിലെ സ്‌കൂള്‍ കാമ്പസില്‍ നടക്കും. മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന സംഗീത പരിപാടിയും രണ്ടാം ദിവസം ഗായിക ട്വിങ്കിള്‍ ദിപന്‍ കറിന്റെ നേതൃത്വത്തിലുള്ള ഉത്തരേന്ത്യന്‍ സംഗീത നിശയും നടക്കും. വൈവിധ്യമാര്‍ന്ന പാചക വിഭവങ്ങളും വിവിധ ഗെയിമുകളും ലൈസന്‍സുള്ള ഭക്ഷണ സ്റ്റാളുകളും മേളയില്‍ ഉണ്ടാകും. മേളയുടെ ടിക്കറ്റ് ലോഞ്ച് വ്യാഴാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യുവജനോത്സവ അവാര്‍ഡ് ദാന ചടങ്ങില്‍ നടക്കും. മേളയില്‍ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന സാംസ്‌കാരിക പരിപാടികളുടെ വിപുലമായ ശ്രേണി ഉണ്ടാകും. കലാപ്രദര്‍ശനങ്ങള്‍, ഭക്ഷ്യമേളകള്‍ തുടങ്ങി പ്രദര്‍ശനങ്ങളും മേളയില്‍ ഉണ്ടാകും. രണ്ടു ദിനാറാണ് പ്രവേശന ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും ഇന്ത്യയില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനും ലക്ഷ്യമിട്ടാണ് മേള ഒരുക്കുന്നത്. സ്‌കൂള്‍ മേളയില്‍ നിന്ന് ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂളിന്റെ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വിനിയോഗിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് പറഞ്ഞു. Read on deshabhimani.com