ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ കേരള വിഭാഗം ശിശുദിനാഘോഷം സംഘടിപ്പിച്ചു



മസ്കത്ത് > ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ കേരള വിഭാഗം ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ സ്കൂൾ ബോർഡ്‌ ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ ഉദ്ഘാടനം ചെയ്ത് ശിശുദിന സന്ദേശം നൽകി. കേരളാ വിഭാഗം കൺവീനർ സന്തോഷ്‌കുമാർ പരിപാടിയുടെ അധ്യക്ഷനായി. "യുദ്ധക്കൊതിക്കെതിരെ പൊരുതുന്ന ബാല്യം" എന്നതായിരുന്നു ഈ വർഷത്തെ കേരള വിഭാഗത്തിൻ്റെ ശിശുദിന സന്ദേശം. നൃത്തശ്രീ വിജയൻ സിവി നൃത്ത സംവിധാനം ചെയ്ത് കേരള വിഭാഗം ബാലവേദി കുട്ടികൾ പങ്കെടുത്ത തീം ഡാൻസ് കാണികളുടെ പ്രശംസ നേടി. ഒമാനിലെ പ്രമുഖ മാജിക് വിദഗ്ധർ നഷീബ, നബീസ എന്നീ കുട്ടികൾ അവതരിപ്പിച്ച മാജിക്‌ ഷോ, പ്രമുഖ മെന്റലിസ്റ്റ് ശ്രീ സുജിത് അവതരിപ്പിച്ച പരിപാടികൾ, കുട്ടികൾ തന്നെ  സംവിധാനം ചെയ്ത നൃത്തം തുടങ്ങിയ പരിപാടികൾ അരങ്ങേറി. യുദ്ധക്കൊതിക്കെതിരെ പൊരുതുന്ന ബാല്യം എന്ന സന്ദേശം ഉയർത്തി  വലിയ കാൻവാസിൽ കുട്ടികൾ വിവിധ വർണങ്ങളാൽ കൈപ്പത്തിയുടെ  ചിത്രം പതിപ്പിച്ച് പ്രതിഷേധം അറിയിച്ചു. ബാലവിഭാഗം ജോയിൻ സക്രട്ടറി റിയാസ് കോട്ടപ്പുറത്ത് ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ  പ്രതിജ്ഞ  സദസ്സ് ഏറ്റു ചൊല്ലി. ബാലവിഭാഗം സെക്രട്ടറി ശ്രീവിദ്യ രവീന്ദ്രൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News