ഷാർജ പുസ്തകോത്സവത്തിൽ കൈരളി ടിവി പ്രവാസലോകത്തിന് അനുമോദനം



ഷാർജ > "കൈരളി ടിവി പ്രവാസ ലോക" ത്തിന്റെ 25 വർഷത്തെ നാൾവഴികളെ അടയാളപ്പെടുത്തി മാധ്യമപ്രവർത്തകൻ അനസുദീൻ അസീസും ഗവേഷകനും ലോക കേരള സഭ കോ ഓർഡിനേറ്ററുമായ സി എസ് അഖിലും ചേർന്നു രചിച്ച " missing migrants and access to justice" എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രവാസ ലോകം സംവിധായകൻ റഫീഖ് റാവുത്തർക്കുള്ള അനുമോദനവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ ആൻഡ് മദാദ് കോൺസൽ ജനറൽ പബിത്ര മജുംദാർ ലോക കേരള സഭ അംഗം ടി കെ അബ്ദുൽ ഹമീദിന് നൽകി പുസ്തക പ്രകാശനം നിർവഹിച്ചു. അഡ്വക്കേറ്റ് അബ്ദുൽ കരീം അഹമ്മദ് ബിൻ ഈദ് ചടങ്ങിൽ മുഖ്യാതിഥിയായി. സ്വദേശികളെ പോലെ തന്നെ വിദേശികൾക്കും നിയമപരിരക്ഷയോടു കൂടി ജീവിക്കാൻ ആവശ്യമായ സാഹചര്യം യുഎഇയിൽ ഉണ്ട് എന്നും മതമോ ജാതിയോ ഇല്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ ഇടമാണ്ഈ രാജ്യം എന്നും അഡ്വക്കേറ്റ് അബ്ദുൽ കരീം പറഞ്ഞു. പ്രവാസ ലോകം നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യൻ സമൂഹത്തിന് ആശ്രയമായി മാറുന്നു എന്ന വസ്തുത ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്നതാണ് എന്നും ഒരു ടിവി ചാനൽ ഇത്തരത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ മതിപ്പോടെയാണ് താൻ കാണുന്നത് എന്നും ലേബർ കോൺസൽ പബിത്ര മുഖർജി പറഞ്ഞു. പ്രവാസ ലോകം 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി പ്രവാസ ലോകം ഡയറക്ടർ  റഫീഖ് റാവുത്തരെ ചടങ്ങിൽ അനുമോദിച്ചു. അഡ്വക്കേറ്റ് അബ്ദുൽ കരീം, റഫീഖ് റാവുത്തർക്ക് പൊന്നാട അണിയിക്കുകയും മെമെന്റോ കൈമാറുകയും ചെയ്തു. സി എസ് അഖിലിനേയും ചടങ്ങിൽ പൊന്നാട അണിയിച്ച് അനുമോദിച്ചു. പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എൻ കെ കുഞ്ഞഹമ്മദ്, മലയാളം മിഷൻ അക്കാദമി കൗൺസിൽ അംഗവും, യുഎഇ കോഡിനേറ്ററുമായ കെ എൽ ഗോപി, ലോക കേരളസഭ ക്ഷണിതാക്കളായ ആർ പി മുരളി, കെ രാജൻ, സുജിത സുബ്രു, പ്രവാസലോകം പ്രതിനിധി അനിൽ അമ്പാട്ട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലോക കേരള സഭ അംഗവും മാധ്യമപ്രവർത്തകയുമായ തൻസി ഹാഷിർ ചടങ്ങ് നിയന്ത്രിച്ചു. Read on deshabhimani.com

Related News