കൈരളി യുകെ ആരവം: ഹംദാൻ റസൂൽ റെഫിന് റുബികിസ് ക്യൂബ് ചാമ്പ്യൻ
ലണ്ടൻ > കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് സംഘടിപ്പിച്ച ആരവം 2024 പരിപാടിയുടെ ഭാഗമായി ആറുമുതൽ പതിനാറു വയസ്സുവരെയുള്ള കുട്ടികൾക്കായി റുബിക്സ് ക്യൂബ് മത്സരം സംഘടിപ്പിച്ചു. ഫൈനൽ മത്സരത്തിൽ സ്പാൽഡിങ് ഗ്രാമർ സ്കൂളിലെ ഇയർ 8 വിദ്യാർത്ഥിയായ ഹംദാൻ റസൂൽ റെഫ് 21.055 സെക്കൻഡിൽ ക്യൂബ് സോൾവ് ചെയ്തു ഒന്നാം സ്ഥാനവും. 22.00 സെക്കൻഡിൽ ക്യൂബ് സോൾവ് ചെയ്ത ചെറിഹിന്റൺ ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്കൂളിലെ ഇയർ 6 വിദ്യാർത്ഥിയായ നേഥൻ സുസുക്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുറഞ്ഞ സമയത്തിൽ റുബിക് ക്യൂബ് സോൾവ് ചെയ്തു കൈരളി ക്യൂബ് ചാമ്പ്യൻ 2024 കരസ്ഥമാക്കിയ ഹംദാന് ലോയൽറ്റി ഫൈനാൻഷ്യൽ സൊല്യൂഷൻസ് സിഇഒ സോണി ജോർജ് സമ്മാനം നൽകി. ആരവം 2024 ഭാഗമായി റുബികിസ് ക്യൂബ് മത്സരത്തിന് പുറമെ ചെസ്സ്, കാരംസ്, ചിത്ര രചന, കുട്ടികൾക്കായി സംഘടിപ്പിച്ച സയൻസ് ക്വിസ്, കൈരളി സയൻസ് ആൻഡ് സൊസൈറ്റിയുടെ ഭാഗമായി കുട്ടികൾക്കുവേണ്ടി നടത്തുന്ന കോഡിങ് ക്ലബ്ബിന്റെ പദ്ധതികൾ വിശദീകരിക്കാനായി പ്രത്യേക സ്റ്റാളും പ്രവർത്തിച്ചു. കോഡിങ് ക്ലബ് പ്രവർത്തകരായ യൂസഫ് സൈത് , രഞ്ജിനി ചെല്ലപ്പൻ എന്നിവർ പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഗെയിം ഡെവലൊപ്മെൻറ് എന്നീ മേഖലകളുടെ സാധ്യതകളെ കുറിച്ചും, കൈരളി കേംബ്രിഡ്ജ് യൂണിറ്റിന്റെ വരാനിരിക്കുന്ന കോഡിങ് ക്ലബ് പരിപാടികളെക്കുറിച്ചും സംസാരിച്ചു. കുട്ടികൾക്ക് വേണ്ടി നടത്തിയ സയൻസ് ക്വിസ് വിജയികളായ അഥർവ്, ഈഥൻ എന്നിവർക്ക് കൈരളി സയൻസ് ആൻഡ് സൊസൈറ്റി ഭാരവാഹിയായ രഞ്ജിനി ചെല്ലപ്പൻ ഉപഹാരങ്ങൾ നൽകി. കൈരളി യുകെയുടെ വിശപ്പുരഹിത ക്രിസ്മസ് എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഭ കേശവൻ മെമ്മോറിയൽ ഫുഡ് ബാങ്കിലേക്ക് അവശ്യ ഭക്ഷണ സാമഗ്രികളുടെ ശേഖരണവും ആരവം 2024 ഭാഗമായി നടന്നു. നറുക്കെടുപ്പിൽ ഭാഗ്യശാലികളായവർക്കു കൈരളി കേംബ്രിഡ്ജ് ഭാരവാഹികളായ വിജയ് ബോസ്കോ ജോൺ, ജെറി വല്യാറ എന്നിവർ സമ്മങ്ങൾ കൈമാറി. യൂണിറ്റ് ട്രെഷറർ ബിജോ ലൂക്കോസ് , സാബു പൗലോസ് എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ ആരവം 2024 വേറിട്ടൊരു അനുഭവമായി മാറി. Read on deshabhimani.com