കേരളോത്സവം 2023 സ്വാഗത സംഘം രൂപീകരിച്ചു



ദുബായ് > യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ ഒന്ന്,രണ്ട്  തീയതികളിൽ ദുബായ് ക്രസന്റ് സ്കൂളിൽ വച്ച് നടക്കുന്ന കേരളോത്സവം 2023ന്റെ സ്വാഗത സംഘം രൂപീകരിച്ചു. ദുബായ് ക്രസെന്റ് സ്കൂളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് ഷിജു ബഷീർ അധ്യക്ഷനായി. ഓർമ രക്ഷാധികാരി എൻ കെ കുഞ്ഞഹമ്മദ്, അനിത ശ്രീകുമാർ, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, ജനറൽ കൺവീനർ സജീവൻ കെ വി, പരസ്യ വിഭാഗം കൺവീനർ റിയാസ് കൂത്തുപറമ്പ് എന്നിവർ കേരളോത്സവ കാര്യങ്ങൾ വിശദീകരിച്ചു. തനിഷ്‌ക് ഗ്രൂപ്പ് പ്രതിനിധി ഹാർവി ജോർജ്ജ്, എക്സ്പ്രസ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിദ്ധിഖ്, എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, ഷിജു നെടുമ്പറമ്പത്ത് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ലതകുമാരി നന്ദി പറഞ്ഞു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയോടുള്ള ആദരമായാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന കേരളോത്സവം അരങ്ങേറുന്നത്. പ്രവാസ ലോകത്ത് കേരളത്തിന്റെ നാട്ടുൽത്സവങ്ങളുടെ ആരവമുയർത്തിക്കൊണ്ട് ഗൃഹാതുരത്വമുണർത്തുന്ന തനത് നാടൻ കലകളും മേളങ്ങളും ചന്തകളും പുസ്തകശാലകളും അറബ് സംസ്കാരത്തിന്റെ ഭാഗമായ കലാരൂപങ്ങളും രണ്ടുദിവസങ്ങളിലായി അരങ്ങേറും. നാട്ടിൽ നിന്നുള്ള പ്രമുഖ മ്യൂസിക് ബാൻഡുകളും സാംസ്കാരിക നായകരും എത്തിച്ചേരും. നോർക്ക ഡയറക്ടർ ഒ വി മുസ്തഫ ചെയർമാനായ 80 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. Read on deshabhimani.com

Related News