കേരളോത്സവം 2024



ദുബായ് > യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കേരളോത്സവം 2024 ഡിസംബർ 1 , 2 തീയ്യതികളിൽ ദുബായ് അൽ ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മണി മുതൽ അരങ്ങേറും. ഡിസംബർ 1 ന്‌ നടക്കുന്ന സാംസ്കാരിക സമ്മേളനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. മുഖ്യാതിഥിയായി നർത്തകി മേതിൽ ദേവിക പങ്കെടുക്കും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി, ദുബായിലെ സർക്കാർ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് പരിപാടിയുടെ പ്രായോജകർ. പത്മശ്രീ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം അരങ്ങേറും. യുവ ഗായകർ ആര്യദയാൽ, സച്ചിൻവാര്യർ, തുടങ്ങിയവർ ആദ്യ ദിവസവും, സിത്താരയുടെ പ്രൊജക്റ്റ് മലബാറിക്കസ് ബാന്റിനൊപ്പം സ്റ്റാർ സിങ്ങർ വിജയി അരവിന്ദ് നായർ രണ്ടാം ദിനവും സംഗീത നിശയൊരുക്കും. നൂറോളം വർണ്ണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഇത്തവണ ശ്രദ്ധേയമാവും. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻപാട്ട്, തുടങ്ങിയ കലാരൂപങ്ങൾ വർണ്ണ വിസ്മയമൊരുക്കും. തെരുവ് നാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗ്ഗം കളി കോൽക്കളി, പൂരക്കളി, സൈക്കിൾ യജ്‌ഞം തുടങ്ങിയ നൃത്ത- നാടൻ - കലാരൂപങ്ങളും  കേരളത്തിന്റെ തനത് നാടൻ രുചിവൈഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകൾ, തട്ടുകടകളും ഉണ്ടാകും. ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിനോടനുബന്ധിച്ചു എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്തകശാല, കവിയരങ്ങ് , പ്രശ്നോത്തരികൾ, യു എ ഇ യിലെ പ്രശസ്ത ചിത്രകാരന്മാരുടെ തത്സമയ പെയിന്റിങ്ങും കേരളത്തിന്റെ ചരിത്രവും, പോരാട്ടത്തിന്റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര - പുരാവസ്തു പ്രദർശനങ്ങളും നടക്കും. ദുബായിലെ മലയാളം മിഷനിലൂടെ അക്ഷരം പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സർഗവാസനകൾ പ്രദർശിപ്പിക്കാനുള്ള അവസരവും പുതുതായി മലയാളം മിഷനിൽ ചേരാനാഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രജിസ്ട്രേഷൻ സൗകര്യവും, പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, കെഎസ്എഫ്ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കുമെന്നു സംഘാടകർ അറിയിച്ചു. Read on deshabhimani.com

Related News