കുവൈറ്റ്‌ പൊതുമാപ്പ്‌; കേരളത്തിലേക്ക് ആദ്യഘട്ടത്തില്‍ മൂന്ന്‌ വിമാനങ്ങള്‍ സര്‍വീസ് നടത്തും



കുവൈറ്റ്സിറ്റി > കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് മൂന്ന് വിമാനങ്ങൾ 25 നും ജൂൺ മൂന്നിനും ഇടയ്‌ക്ക് കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് സർവ്വീസ് നടത്തും. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും ധാരണയായതായി പ്രവാസി മലയാളികളെ തിരിച്ച് കൊണ്ടുവരുന്നതിന് ചുമതലയുള്ള നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി ഡോ. ഇളങ്കോവൻ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാറിനെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗം  വരുന്ന ആന്ധ്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേക്ക് വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായാണ് കേരളത്തിലേക്കും വിമാനങ്ങള്‍ യാത്രതിരിക്കുന്നത്. ആദ്യഘട്ടം എന്നനിലയിലാണ് മൂന്ന്‍ വിമാനങ്ങള്‍ പോകുന്നതെങ്കിലും, പിന്നീട് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നും എന്‍ അജിത്കുമാര്‍ വ്യക്തമാക്കി. 7000 ത്തോളം ഇന്ത്യക്കാരാണ്  കുവൈറ്റ്‌ സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക തിരിച്ചയക്കല്‍ കേന്ദ്രങ്ങളില്‍ ഇപ്പോഴുള്ളത്. ഇതില്‍ 1300 ഓളം വരുന്നവര്‍ മലയാളികളാണ്. ഇതിനു പുറമേ 5000 ത്തോളം വരുന്ന ഇന്ത്യക്കാര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് യാത്രാനുമതി കാത്ത് കുവൈറ്റിലുണ്ട്. കോവിഡ രോഗബാധയുടെ പശ്ചാതലത്തില്‍ ഏറെ ആശങ്കയോടെ തിരിച്ചയക്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഇപ്പോള്‍ ആരംഭിക്കാന്‍ പോകുന്ന വിമാന സര്‍വീസ്. കല കുവൈറ്റ്‌ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളും ഇക്കാര്യമുന്നയിച്ച് കേന്ദ്ര-കേരള സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു Read on deshabhimani.com

Related News