ഇന്ധന തകരാർ: കുവൈത്തിൽ ഉപഭോഗം കൂടുതലുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി
കുവൈത്ത് സിറ്റി > ഇന്ധന തകരാർ മൂലം കുവൈത്തിൽ ഉപഭോഗം കൂടുതലുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങി. വൈദ്യുത നിലയങ്ങളിലേക്കുള്ള ആവശ്യമായ പ്രകൃതിവാതക വിതരണം തടസ്സപ്പെട്ടതിനെ തുടർന്നാണ് വൈദ്യുതി തടസ്സപ്പെട്ടതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗ്യാസ് വിതരണത്തിലെ പ്രശ്‌നങ്ങൾ കാരണം സുബിയ, വെസ്റ്റ് ദോഹ പവർ പ്ലാൻ്റുകളിലെ നിരവധി യൂണിറ്റുകൾ ഉത്പാദനം നിർത്തിയതിനെ തുടർന്ന് ഒമ്പത് വ്യാവസായിക, കാർഷിക മേഖലകൾക്ക് പുറമേ ആറ് ഗവർണറേറ്റുകളിലും ഉൾപ്പെടുന്ന 50-ലധികം റെസിഡൻഷ്യൽ ഏരിയകളിലും വൈദ്യുതി വിച്ഛേദിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി മന്ത്രാലയം പിന്നീട് എക്‌സ് പ്ലാറ്റ്‌ഫോമിൽ അറിയിച്ചു. കുവൈത്തിൽ ഏതാനും ആഴ്ചകളായി തുടരുന്ന ശക്തമായ ചൂടിൽ രാജ്യത്തെ വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചിരുന്നു. നിലവിൽ രാജ്യത്തെ വൈദ്യുതി ഉപഭോഗം 17,000 മെഗാവാട്ടിനടുത്തെത്തിയതായി അധികൃതർ അറിയിച്ചു. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകൾ ശനിയാഴ്ച പൂർണ്ണമായി നിലച്ചതിനാൽ സുബിയ, വെസ്റ്റ് ദോഹ പ്ലാൻ്റുകളിലെ നിരവധി യൂണിറ്റുകൾ നിർത്തിവയ്ക്കാനും മിക്കവാറും എല്ലാ പ്രദേശങ്ങളിലേക്കും പ്രോഗ്രാം ചെയ്ത വൈദ്യുതി വെട്ടിക്കുറയ്ക്കാനും മന്ത്രാലയം നിർബന്ധിതരായതായും അധികൃതർ അറിയിച്ചു. കുതിച്ചുയരുന്ന താപനിലയെത്തുടർന്ന് ഉപഭോഗം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ ഈ വർഷം ഇത് രണ്ടാം തവണയാണ് മന്ത്രാലയം പവർകട്ട് ഏർപ്പെടുത്തുന്നത്. കുവൈത്തിൽ ഈ വേനൽക്കാലത്ത് ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. തിരക്കേറിയ സമയങ്ങളിൽ മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. Read on deshabhimani.com