വിസ കച്ചവടം നടത്തുന്നവർക്ക് 10,000 ദിനാർ വരെ പി; പ്രവാസികളുടെ റെസിഡൻസി സംബന്ധിച്ച പുതിയ കരട് നിയമം
കുവൈറ്റ് സിറ്റി> കുവൈറ്റിൽ പ്രവാസികളുടെ താമസം സംബന്ധിച്ച പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു. നവംബർ 12ന് മന്ത്രിസഭായോഗം അംഗീകരിച്ച നിയമം അനുസരിച്ച്, വിസ കച്ചവടം നടത്തുന്നവർക്ക് 5 വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ലഭിക്കും. പുതിയ നിയമത്തിലൂടെ റെസിഡൻസി സംവിധാനത്തെ കൂടുതൽ സുതാര്യവും നിയന്ത്രിതവുമാക്കുകയാണ് ലക്ഷ്യം. പുതിയ നിയമപ്രകാരം, പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ പ്രവാസികൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. ഹോട്ടലുകളിൽ താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണമെന്ന നിർദ്ദേശമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള പൂർണ്ണ അധികാരം നൽകും. കുവൈത്തിൽ സന്ദർശക വിസയിൽ വരുന്നവരെ മൂന്ന് മാസത്തിൽ കൂടുതൽ താമസിക്കാൻ അനുവദിക്കുകയില്ല. കാലാവധി 3 മാസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം ഒരു വർഷം വരെ നീട്ടാനുള്ള സൗകര്യവുമുണ്ട്. പ്രവാസികൾക്ക് അഞ്ചു വർഷം വരെ സ്ഥിരതാമസാനുമതി നൽകാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രവാസികൾക്ക് ആറു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കാൻ കഴിയില്ല. ഏതെങ്കിലും വിസ അല്ലെങ്കിൽ റെസിഡൻസി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സ്പോൺസർമാർക്കാണ് . പ്രവാസിയുടെ വിസ കാലഹരണപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്താൽ സ്‌പോൺസർമാർ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. റെസിഡൻസി ലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവും 1,200 ദിനാർ വരെ പിഴയും.സന്ദർശന വിസയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 2,000 ദിനാർ വരെ പിഴ. നിയമവിരുദ്ധമായ പ്രവേശനം മൂന്ന് വർഷം വരെ തടവും 3,000 ദിനാർ വരെ പിഴയും ലഭിക്കും. നിയമവിരുദ്ധമായി പ്രവാസികളെ ജോലിക്കെടുക്കുകയോ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ രണ്ട് വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ലഭിക്കുമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. നയതന്ത്രജ്ഞർ, രാഷ്ട്രത്തലവന്മാർ, മറ്റ് നിർദ്ദിഷ്ട വ്യക്തികൾ എന്നിവരെ ചില റെസിഡൻസി ആവശ്യകതകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കുവൈത്ത് ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകൾക്ക് അനുസൃതമായാണ് റെസിഡൻസി നിയമങ്ങൾ. പുതിയ നിയമങ്ങൾ പുറപ്പെടുവിക്കുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരാൻ ട്രാൻസിഷണൽ വ്യവസ്ഥകൾ അനുവദിക്കുന്നു. Read on deshabhimani.com