നടപടികൾ പൂര്‍ത്തിയായെന്ന്‌ റിപ്പോര്‍ട്ട് ഏകീകൃത വിസ ഈ വര്‍ഷം അവസാനത്തോടെ



കുവൈത്ത് സിറ്റി> ജിസിസി രാജ്യങ്ങൾക്കിടയിലെ ഏകീകൃത ടൂറിസം വിസ ‘ജിസിസി ഗ്രാൻഡ് ടൂർസു’മായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ ടൂറിസം വ്യവസായ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന ഏകീകൃത ടൂറിസം വിസ 2024 ഡിസംബർ അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന്‌ പ്രതീക്ഷിക്കുന്നതായും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒറ്റ വിസയിൽ യാത്രചെയ്യാൻ സഹായകമാകുന്ന ഷെങ്കൺ മാതൃകയിലുള്ള വിസയാണ് ജിസിസി ഗ്രാൻഡ് ടൂർസ്. ഓരോ രാജ്യത്തിനും പ്രത്യേക വിസ ആവശ്യമില്ലാതെതന്നെ ഈ മേഖലയിലെ ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ പ്രാപ്തരാക്കുന്നതിലൂടെ യാത്ര ലളിതമാക്കുകയാണ് പുതിയ വിസ കൊണ്ട് ലക്ഷ്യമിടുന്നത്. ഈ ഏകീകൃത സംവിധാനം കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും മിഡിൽ ഈസ്റ്റിനെ പ്രധാന ആഗോള ടൂറിസം കേന്ദ്രമായി മാറ്റുന്നതിനും സഹായിക്കും. 2030ഓടെ സന്ദർശകരുടെ എണ്ണം 12.87 കോടിയായി ഉയരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിലുടനീളം ടൂറിസം വരുമാനത്തിൽ കുതിച്ചുചാട്ടമുണ്ടാകും. സാമ്പത്തിക ഉത്തേജനത്തിലുപരി ജിസിസി ഗ്രാൻഡ് ടൂർസ് വിസ ബിസിനസ്, സാംസ്‌കാരിക വിനിമയത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കാനും സഹായകമാകും. Read on deshabhimani.com

Related News