കുവൈത്തിൽ നാല് വർഷത്തിനിടയിൽ 1,30,000 പ്രവാസികളെ നാടുകടത്തി



കുവൈത്ത് സിറ്റി > കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 1,30,000 പ്രവാസികളെ നാടുകടത്തിയതായി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി. ജിലീബ് അൽ-ഷുയൂഖിലെ പഴയ നാടുകടത്തൽ ജയിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതുതായി സജ്ജീകരിക്കുന്ന ജുവനൈൽ കെട്ടിടത്തിന്റെ ആദ്യ ഘട്ടം തൊണ്ണൂറ് ശതമാനവും പൂർത്തിയായതായും അൽ-മിസ്ബ പറഞ്ഞു. തടവുകാരെ നാല് ഘട്ടങ്ങളിലായി പുതുതായി സജ്ജീകരിക്കുന്ന ജുവനൈൽ കെട്ടിടത്തിലേക്ക് ഉടനടി മാറ്റുവാനും അദ്ദേഹം ഉത്തരവ് നൽകി. 1,000 തടവുകാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ കെട്ടിടം. നാടുകടത്തൽ ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബാംഗങ്ങളെ ലാൻഡ്‌ലൈനുകൾ വഴി ബന്ധപ്പെടാൻ അനുവദിക്കും. ഇതിന് പുറമെ അന്താരാഷ്ട്ര കോൾ ആവശ്യമാണെങ്കിൽ, ഓഫീസിൽ നിന്നുള്ള ജയിൽ ഫോൺ സൗകര്യം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തടവുകാർക്ക് അവരുടെ എംബസികളിൽ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ഉണ്ട്. നാടുകടത്തപ്പെട്ടവർക്കുള്ള മെച്ചപ്പെട്ട എയർപോർട്ട് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന് എയർപോർട്ട് അധികൃതരുമായി സഹകരിച്ച് ഒരു പ്രത്യേക ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. മുമ്പ്, നാടുകടത്തപ്പെടുന്നവർ സ്ഥിരം യാത്രക്കാരുടെ അതേ കവാടങ്ങളിലൂടെ പ്രവേശിക്കണമായിരുന്നു. പുതിയ ക്രമീകരണം  നാടുകടത്തപ്പെട്ടവരെ സ്ഥിരം യാത്രക്കാരുമായി ഇടകലരാതെ യാത്ര ചെയ്യാൻ അനുവദിക്കുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ വനിതാ തടവുകാരെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള പദ്ധതികളും നിലവിലുണ്ടെന്ന്  ബ്രിഗേഡിയർ അൽ-മിസ്ബ സൂചിപ്പിച്ചു. Read on deshabhimani.com

Related News