ഓസ്‌ട്രേലിയയിൽ മന്ത്രിയായി കോട്ടയം സ്വദേശി



സാൻഡേഴ്സൺ (ഓസ്ട്രേലിയ) > ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സംസ്ഥാന മന്ത്രിസഭയിൽ മലയാളി. സൺഡേഴ്‌സൺ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ വിജയിച്ച കോട്ടയം മൂന്നിലവ്‌ സ്വദേശി ജിൻസൺ ആന്റോ ചാൾസ്‌ ആണ്‌ മന്ത്രിസഭയിലെത്തിയത്‌. ആന്റോ ആന്റണി എംപിയുടെ അനുജൻ മൂന്നിലവ്‌ പുന്നത്താനിയിൽ ചാൾസ്‌ ആന്റണിയുടെ മൂത്തമകനാണ്‌ ജിൻസൺ. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിൽ ഇടംപിടിച്ച ഇദ്ദേഹം കൺട്രി ലിബറൽ പാർടിയുടെ പ്രതിനിധിയാണ്‌. ഭിന്നശേഷിക്കാരുടെ ഉന്നമനം, കല, സംസ്കാരം, കായികം, മുതിർന്ന പൗരന്മാരുടെ ക്ഷേമപദ്ധതി, വിവിധ രാജ്യങ്ങളിൽനിന്ന് കുടിയേറിപ്പാർത്തവർക്കുള്ള ക്ഷേമപദ്ധതി വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചത്. കൺട്രി ലിബറൽ പാർടിയുടെ പ്രഥമ മന്ത്രിസഭാ യോഗത്തിലായിരുന്നു വകുപ്പ് വിഭജനം. നഴ്സായി  2011- ൽ ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ്പ് എൻഡ് മെന്റൽ ഹെൽത്ത്‌ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും ജോലിചെയ്തിട്ടുണ്ട്. Read on deshabhimani.com

Related News